ജാതി മത ചിന്തകളുടെ കൂരിരുട്ടില്‍ ഇത്തിരി വെട്ടവുമായി ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക
Wednesday, July 18, 2018 2:51 PM IST
ന്യുയോര്‍ക്ക്: മനുഷ്യരെന്നതും ഇന്ത്യാക്കരെന്നതും മറന്നു മതത്തിന്റെയും ജാതിയുടെയും പേരില്‍ സംഘടിക്കുകയും മറ്റുള്ളവരെ ആക്രമിക്കുന്നതും അപഹസിക്കുന്നതും കോണ്ടാടപ്പെടുകയും ചെയ്യുന്ന ആസുരമായ ഈ കാലത്ത് സൗഹ്രുദത്തിന്റെ കുളിര്‍ കറ്റായി പിറന്നു വീണ ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്കയുടെ (അല ) പ്രവര്‍ത്തനം അമേരിക്കയില്‍ ഉടനീളം വ്യാപിച്ചുകൊണ്ടിരിക്കുന്നു.

ഒരു ആദര്‍ശ സംഘടനയെന്ന നിലയില്‍ കുറെ അമേരിക്കന്‍ മലയാളികള്‍ തുടക്കമിട്ട അല ലക്ഷ്യത്തില്‍ നിന്നു വ്യതിചലിക്കാതെ മാനവികതയുടെ വക്താക്കളായി പ്രവര്‍ത്തിക്കുന്നു.

ഭിന്നതയോ സ്വാര്‍ത്ഥമായ സംഘടിക്കലോ അല്ല, മറിച്ച് ഒരു തരത്തിലുമുള്ള അതിരുകളില്ലാത്ത ഒരു സംഘ ശക്തിയായി മാറുക എന്നതാണ് ആര്‍ട്ട് ലവേര്‍സ് ഓഫ് അമേരിക്കയുടെ ലക്ഷ്യം പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു.

സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റി ദൗത്യനിര്‍വ്വഹണത്തില്‍ ആത്മാര്‍ത്ഥത പ്രകടിപ്പിച്ച് പ്രതാപത്തോടും ആത്മാഭിമാനത്തോടും കൂടി ജാതിമത ഭേദമന്യേ എല്ലാവരേയും ഒരു കുടക്കീഴില്‍ അണിനിരത്തി മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് അലയുടെ ലക്ഷ്യം എന്ന് വൈസ് പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് പറഞ്ഞു.

ശരിയായ പ്രപഞ്ച വീക്ഷണമുള്ള ഒരു ജനസമൂഹത്തിനു മാത്രമേ നന്മ നിറഞ്ഞ ഒരു പുതുലോകത്തെക്കുറിച്ച് നിറമുള്ള സ്വപ്നങ്ങള്‍ കാണാനും സമൂഹത്തിന്റെ പുനര്‍നിര്‍മ്മിതിയില്‍ തങ്ങളുടേതായ ഭാഗധേയം നിര്‍വ്വഹിക്കുവാനും കഴിയൂ എന്ന് കൊച്ചുമ്മന്‍ ജേക്കബ് അഭിപ്രായപ്പെട്ടു.

വെറുപ്പിന്റെ തത്വശാസ്ത്രം പറയുന്നവര്‍ ഭീതി വിതച്ച് അതില്‍ നിന്നു മുതലെടുക്കാന്‍ ശ്രമിക്കുന്നവരാണെന്നു അല വെസ്റ്റ്‌ചെസ്റ്റര്‍ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ബാബു മാത്യു ചൂണ്ടിക്കാട്ടി.

കേരള രാഷ്ട്രിയത്തില്‍ ഒരു പുത്തന്‍ മാതൃക തീര്‍ത്ത ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ വരദരാജന്‍, വനിതാ കമ്മീഷന്‍ മെംബെര്‍ ഷാഹിദ കമാല്‍, അഡ്വ. സനല്‍ കുമാര്‍ എന്നിവര്‍ക്ക് അല യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസ് ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ നല്കിയ സ്വികരണത്തില്‍ പങ്കെടൂക്കവെ ആണുഅവര്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയത്.

ഫൊക്കാന, ഫോമാ, പ്രസ് ക്ലബ് തുടങ്ങി വിവിധ ദേശീയ സംഘടനകളുടെയും പ്രാദേശിക അസോസിയേഷനുകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. ഫൊക്കാനയുടെയും ഫോമയുടെയും പുതിയ ഭാരവാഹികളെയും പരിചയപ്പെടുത്തി. ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വനിതാ ഫോറം ചെയര്‍ ലൈസി അലക്‌സ്, നാഷണല്‍ കമ്മിറ്റി അംഗം ജോയ് ഇട്ടന്‍, ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്,ആര്‍.വി.പി ഗോപിനാഥ കുറുപ്പ് തുടങ്ങിയവരെ യോഗം സ്വാഗതം ചെയ്തു. ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജിബി തോമസ് ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: ടെറന്‍സണ്‍ തോമസ്