ഹഷ്മുഖ് പട്ടേലിന്‍റെ ഘാതകന്‍റെ വധശിക്ഷ നടപ്പാക്കി
Wednesday, July 18, 2018 5:17 PM IST
ഹണ്ട്സ് വില്ല (ടെക്സസ്): സാൻ അന്‍റോണിയൊ കൺവീനിയൻസ് സ്റ്റോർ ഉടമ ഇന്ത്യൻ അമേരിക്കൻ ഹഷ്മുഖ് പട്ടേലിനെ വെടിവച്ചു കൊന്ന കേസിലെ പ്രതി ക്രിസ്റ്റഫർ യംഗിന്‍റെ (37) വധശിക്ഷ ജൂലൈ 17നു വൈകിട്ട് ടെക്സസ് ഹണ്ട്സ് വില്ല ജയിലിൽ നടപ്പാക്കി.

മോഷണ ശ്രമത്തിനിടയിലായിരുന്നു വെടിവയ്പ്. ജയിൽ ജീവിതത്തിനിടയിൽ പ്രതിക്കുണ്ടായ മാനസാന്തരവും മറ്റു സഹതടവുകാർക്ക് നൽകിയിരുന്ന സേവനവും കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കി കൊടുക്കണമെന്ന് കൊല്ലപ്പെട്ട പട്ടേലിന്‍റെ മകൻ നേരിട്ട് ടെക്സസ് ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. 2004 ൽ കുറ്റകൃത്യം ചെയ്യുമ്പോൾ യുവാവായിരുന്ന ക്രിസ്റ്റഫർക്ക് അനന്തര ഫലങ്ങളെ കുറിച്ചുള്ള അജ്ഞത പരിഗണിക്കണമെന്നാവശ്യവും തള്ളിയിരുന്നു.

വധശിക്ഷ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് അവസാന നിമിഷം സമർപ്പിക്കപ്പെട്ട അപേക്ഷയും തള്ളി നിമിഷങ്ങൾക്കകം വധശിക്ഷ നടപ്പാക്കുകയായിരുന്നു. മാരകമായ വിഷ മിശ്രിതം ഉപയോഗിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ജൂലൈ 13 ന് ടെക്സസ് ബോർഡ് ഓഫ് പാർഡൻസും വധശിക്ഷക്ക് അനുമതി നൽകിയിരുന്നു. അമേരിക്കയിലെ ഈ വർഷത്തെ 13–ാമത്തേതും ടെക്സസിലെ എട്ടാമത്തേതുമായ വധശിക്ഷയാണ് ചൊവ്വാഴ്ച നടപ്പാക്കിയത്. 1976 ൽ യുഎസ് സുപ്രീം കോടതി വധശിക്ഷ പുനഃസ്ഥാപിച്ചതു മുതൽ 553 പേരെ ടെക്സസിൽ മാത്രം വധശിക്ഷക്ക് വിധേയരാക്കിയിരുന്നു.

വിഷ മിശ്രിതം കുത്തിവച്ചു നടത്തുന്ന വധശിക്ഷ ക്രൂരവും ഭയാനകവുമാണെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയരുമ്പോഴും ടെക്സസ് സംസ്ഥാനത്ത് വധശിക്ഷ നിർബാധം തുടരുകയാണ്.

റിപ്പോർട്ട് : പി. പി. ചെറിയാൻ