പെരുമ്പാവൂര്‍ അഭയഭവന് ഫൊക്കാനയുടെ കാരുണ്യ സ്പര്‍ശം
Saturday, July 21, 2018 2:25 PM IST
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന ബേത്‌ലഹേം അഭയഭവനിലെ അന്തേവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി അമേരിക്കന്‍ മലയാളി കൂട്ടായ്മയായ ഫൊക്കാന രംഗത്തെത്തുന്നു. മേരി എസ്തപ്പാനാണ് അഭയഭവന്റെ സ്ഥാപക. നാനൂറിലേറെ അന്തേവാസികളുടെ അഭയകേന്ദ്രമാണ് അഭയഭവന്‍.

തെരുവോരങ്ങളില്‍ നിന്നു പോലീസും മറ്റു സന്നദ്ധ പ്രവര്‍ത്തകരും കണ്ടെത്തുന്നവര്‍, കുടുംബാംഗങ്ങള്‍ തന്നെ കൊണ്ടുവരുന്നവര്‍ തുടങ്ങി നിരവധി മാനസീകരോഗികള്‍ക്കാണ് അഭയഭവന്‍ തുണയായിരിക്കുന്നത്.

ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജാന്‍സി ജോര്‍ജ്, മുന്‍ കേരള ലോട്ടറി വകുപ്പ് ചെയര്‍മാന്‍ ബാബു ജോസഫ്, ടോമി ജോസഫ് എന്നിവര്‍ അഭയഭവന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്നു.

ആരോഗ്യ രംഗത്തെ സ്വകാര്യ സ്ഥാപനമായ ഡോക്‌സ്‌പോട്ടിന്റെ സഹകരണത്തോടുകൂടി അത്യാധുനിക ആരോഗ്യ പരിശോധനാ സംവിധാനങ്ങളാണ് അഭയഭവനില്‍ ഒരുക്കുവാന്‍ പോകുന്നത്. എല്ലാ അന്തേവാസികളുടേയും ആരോഗ്യസ്ഥിതി വിലയിരുത്തി സമഗ്ര ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കുവാനും ഈ പദ്ധതിവഴി സാധിക്കും.

ഫൊക്കാനാ ഭാരവാഹിയായ ജോയ് ഇട്ടന്‍ ആണ് ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം