ഒന്നിനോടും പ്രത്യേക മമത ഇല്ലാതെ കാര്യങ്ങളെ കണ്ട് ജീവിക്കുന്നതാകണം സന്യാസ ജീവിതം: ആർച്ച് ബിഷപ് മാർ കൂറിലോസ്
Saturday, August 11, 2018 8:26 PM IST
ഡാളസ് : ഒന്നിനോടും പ്രത്യേക മമത ഇല്ലാതെ കാര്യങ്ങളെ കണ്ടു ജീവിക്കുവാൻ സാധിക്കുന്നതായിരിക്കണം സന്യാസ ജീവിതം എന്നും വേദനിക്കുന്നവന്‍റെ വേദന മനസിലാക്കുമ്പോഴാണ് വിശ്വാസത്തിൽ അടിയുറച്ച് ജീവിക്കുവാൻ ഒരു വിശ്വാസിക്ക് സാധിക്കൂ എന്നും മലങ്കര കത്തോലിക്ക സഭ തിരുവല്ലാ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്. കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്‍റെ നേതൃത്വത്തിൽ നടന്ന സുവിശേഷ മഹായോഗത്തിൽ വചനസന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശയവിനിമയം വേണ്ടവിധം ഇന്നു നടക്കുന്നില്ലാ എന്നും പ്രതിസന്ധികളിൽ പതറാതെ സേവന മനോഭാവമുള്ളവരാകുവാൻ മനുഷ്യർ തയാറാകേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം ആണെന്നും മാർത്തോമ്മ സഭയുടെ കൊട്ടാരക്കര– പുനലൂർ ഭദ്രാസനാധിപൻ ഡോ. യുയാക്കിം മാർ കൂറിലോസ് സമ്മേളനത്തിൽ ആശംസ നേർന്നു പറഞ്ഞു.

കൺവൻഷൻ ഇന്നും നാളെയും വൈകിട്ട് (ശനി, ഞായർ) 6 ന് ആരംഭിക്കും. കെഇസിഎഫ് പ്രസിഡന്‍റ് റവ. ഫാ. മത്തായി മണ്ണൂർവടക്കേതിൽ സ്വാഗതവും സെക്രട്ടറി അലക്സ് അലക്സാണ്ടർ നന്ദിയും അറിയിച്ചു. ജോൺ തോമസിന്‍റെ നേതൃത്വത്തിലുള്ള 40 അംഗങ്ങൾ അടങ്ങുന്ന ഗായകസംഘം ഗാനങ്ങൾ ആലപിച്ചു.

റിപ്പോർട്ട് : ഷാജി രാമപുരം