ഡാളസിൽ ഇന്‍റർ പാരീഷ് സ്പോർട്സ് ഫെസ്റ്റിനു ഉജ്ജ്വല തുടക്കം
Saturday, August 11, 2018 8:39 PM IST
ടെക്സസ് : ടെക്സസ് ഒക് ലഹോമ റീജണിൽ നടന്നു വരുന്ന ഇന്‍റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റ്, സ്പോൺസേർഡ് ബൈ ഡാളസ് മച്ചാൻസ് ഗ്രൂപ്പ് കായിക മേളക്ക് ഡാളസിൽ ഉജ്വല തുടക്കം. ഓഗസ്റ്റ് 10നു കൊപ്പേൽ സെന്റ് അൽഫോൻസാ ഹാളിൽ നടന്ന ഐപിഎസ്എഫ് 2018 ന്‍റെ ഉദ്ഘാടനം സീറോ മലബാർ രൂപതാ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് നിർവഹിച്ചു.

ഫെസ്റ്റ് ചെയർമാൻ ഫാ. ജോൺസ്റ്റി തച്ചാറ, ഫാ അലക്സ് വിരുതുകുളങ്ങര, റീജണിലെ മറ്റു വികാരിമാരായ ഫാ ജോഷി എളമ്പാശേരിൽ, ഫാ കുര്യൻ നെടുവേലിചാലുങ്കൽ, ഫാ. റൂബൻ താന്നിക്കൽ , ഫാ. വിൽസൺ ആന്‍റണി , ഫാ രാജീവ് വലിയവീട്ടിൽ ഫാ. സിബി സെബാസ്റ്റ്യൻ, റീജണൽ ഐപിഎസ്എഫ് ഡയറക്ടർ പോൾ സെബാസ്റ്റ്യൻ, കൊപ്പേൽ പാരീഷ് സ്പോർട്സ് കോഓർഡിനേറ്റർമാരായ സിബി സെബാസ്റ്റ്യൻ , കെന്‍റ് തോമസ് ചേന്നാട്, മറ്റു റീജണൽ കോഓർഡിനേറ്റേഴ്സ്, യൂത്ത് കോഓർഡിനേറ്റേഴ്സ് തുടങ്ങിയവർ ചടങ്ങുകളിൽ സംബന്ധിച്ചു.

മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ മുഖ്യ കാർമികത്വത്തിൽ റീജണിലെ വൈദീകരും വിശ്വാസി സമൂഹവും പങ്കെടുത്തുള്ള വിശുദ്ധ കുർബാന വൈകുന്നേരം സെന്‍റ് അൽഫോൻസാ ദേവാലയത്തിൽ നടന്നു. തുടർന്നു പാരീഷ് ടീമുകൾ അണിനിരന്ന മാർച്ച് പാസ്റ്റും ബാൻഡും ഉദ്ഘാടന വേദിയിലേക്ക് നടന്നു. കുട്ടികളുടെയും യുവജനങ്ങളുടെയും നേതൃത്വത്തിൽ വർണാഭമായ കൾച്ചറൽ പ്രോഗ്രാമുകൾ തുടർന്ന് വേദിയിൽ അവതരിക്കപ്പെട്ടു.

ഫാ. ജോൺസ്റ്റി തച്ചാറ ഏവർക്കും സ്വാഗതം ആശംസിച്ചു. യുവജനങ്ങൾ സഭയുടെയും സമൂഹത്തിനും മാർഗദീപങ്ങളാവട്ടെയെന്നും സഭയെ മുന്നോട്ടു നയിക്കട്ടെയെന്നും ഫാ ജോൺസ്റ്റി പറഞ്ഞു. ഫെസ്റ്റിനു വേണ്ടി തയാറാക്കിയ പ്രത്യേക തീം സോംഗിന്‍റെ റിലീസിംഗും ഐപിഎസ്എഫ് ലോഗോയുടെ പ്രകാശനവും ഫാ. ജോൺസ്റ്റി നിർവഹിച്ചു.

റീജണിലെ ഇടവകളുടെ കൂട്ടായ്മയേയും സമർപ്പിത വൈദികരുടെ നേതൃത്വത്തേയും മാർ ജേക്കബ് അങ്ങാടിയത്ത് പ്രത്യകം പ്രശംസിച്ചു. സഭാ പാരമ്പര്യത്തിലധിഷ്ഠിതമായ യുവാക്കളുടെ വിശ്വാസപരിശീലനവും ഫെസ്റ്റിലൂടെ സാധ്യമാകട്ടെയെന്ന് മാർ ജേക്കബ് അങ്ങാടിയത്ത് ആശംസിച്ചു.

പൂർത്തിയാക്കിയ എല്ലാ കായിക ഇനങ്ങളുടെയും ട്രോഫികൾ മാർ ജേക്കബ് അങ്ങാടിയത്ത് വിജയികൾക്ക് വിതരണം ചെയ്തു. ഫെസ്റ്റിന് ആതിഥ്യമേകുന്ന കൊപ്പേൽ സെന്‍റ് അൽഫോൻസയാണ് ആദ്യദിവസം പിന്നട്ടപ്പോൾ പോയിന്‍റ് നിലയിൽ മുന്നിൽ. ഇന്നും നാളയെയും ഫ്രിസ്കോ ഫീൽഡ് ഹൗസ് യുഎസ്എ ഇൻഡോർ സ്പോർട്സ് കോംപ്ലക്സിലാണ് ബാക്കി മത്സരങ്ങൾ.

വെബ്സൈറ്റ് , ലൈവ് സ്ട്രീം ലിങ്ക് https://www.ipsfcoppell2018.net/

റിപ്പോർട്ട് : മാർട്ടിൻ വിലങ്ങോലിൽ