പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ വനിതാ സമാജത്തിന്‍റെ പങ്ക് അനിവാര്യം: യെല്‍ദോ മോര്‍ തീത്തോസ്
Monday, August 13, 2018 8:25 PM IST
ന്യൂയോര്‍ക്ക്: പുതു തലമുറയെ വാര്‍ത്തെടുക്കുവാന്‍ തക്കവണ്ണം സമാജം കൂടുതല്‍ കര്‍മനിരതരായിരിക്കണമെന്നും സ്വന്തം കുടുംബത്തില്‍ നിന്നുതന്നെ അതിനുള്ള സാഹചര്യത്തിന് തുടക്കം കുറിക്കണമെന്നും അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ് യെല്‍ദൊ മോര്‍ തീത്തോസ്. മലങ്കര യാക്കോബായ സുറിയാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിന്‍റെ മുപ്പത്തിരണ്ടാമത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പെന്‍സില്‍വാനിയയിലെ കലഹാരി റിസോര്‍ട്ടില്‍ നടന്ന കണ്‍വെന്‍ഷനില്‍, ഭദ്രാസനത്തിലെ വിമന്‍സ് ലീഗിന്‍റെ 2018ലെ മീറ്റിംഗില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്താ.

മലങ്കര യാക്കോബായ സുറിയാനി സഭയിലെ സുവിശേഷ ധ്യാന ഗുരുവും പ്രാസംഗികനുമായ സഖറിയാസ് മോര്‍ പീലക്സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്ത, ഭദ്രാസന സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ് എം.ഡി, മിഷിഗണ്‍ ഡിട്രോയിറ്റ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളി വികാരി ഫാ. ബിനു ജോസഫ്, വിവിധ ഇടവകകളില്‍ നിന്നുമായി മുന്നൂറില്‍പ്പരം വിമന്‍സ് ലീഗ് പ്രവര്‍ത്തകരും പങ്കെടുത്തു.

സമാജം ജോയിന്‍റ് സെക്രട്ടറി ജെസി പീറ്റര്‍ സ്വാഗതം ആശംസിച്ചു. അച്ചാമ്മ മാത്യു പ്രാരംഭ പ്രാര്‍ഥനയും സെന്‍റ് മേരീസ് വിമന്‍സ് ലീഗ് തീം സോംഗ് "വചനമാം ദൈവത്തെ' എന്ന പ്രാർഥനാ ഗാനം ആലപിച്ചു.

നമ്മുടെ ആത്മീയ ജീവിതം മരവിപ്പില്ലാതെ മുന്നോട്ടു കൊണ്ടുപോകുവാന്‍ ശക്തമായ പ്രാര്‍ഥനാ ജീവിതവും മാതാവിനോടുള്ള മധ്യസ്ഥതയും അനിവാര്യമാണെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ട് മാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചുകൊണ്ട് ഫാ. ബിനു ജോസഫ് വചന പ്രഘോഷണം നടത്തി.

വിമന്‍സ് ലീഗ് ഭദ്രാസന ജനറല്‍ സെക്രട്ടറി ഷീജ ഗീവര്‍ഗീസ് അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഭദ്രാസനത്തില്‍ 201718 വര്‍ഷങ്ങളില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളെയും റീജണൽ മീറ്റിംഗുകളെയും പറ്റി വിശദമായി പ്രതിപാദിക്കുകയും അതിനായി പ്രവര്‍ത്തിച്ച എല്ലാ യൂണിറ്റുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും കണ്‍വന്‍ഷന്‍ സെന്‍ററിൽ നടത്തിയ ചാരിറ്റി ധനശേഖരണം ഒരു വന്‍വിജയമാക്കാന്‍ സഹകരിച്ച എല്ലാവർക്കും വിമന്‍സ് ലീഗ് ഭദ്രാസന ജനറല്‍ സെക്രട്ടറി ഷീജ ഗീവര്‍ഗീസ് നന്ദി പറഞ്ഞു.

വിമന്‍സ് ലീഗിന് ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും നല്‍കി നയിക്കുന്ന തീത്തോസ് തിരുമേനിക്കും വൈസ് പ്രസിഡന്റ് മാത്യൂസ് ഇടത്തറ കോർ എപ്പിസ്കോപ്പയ്ക്കും റീജിയണല്‍ സെക്രട്ടറിമാരായ ചിന്നമ്മ പൗലോസ്, ഷീല ജോര്‍ജ്, രമണി ജോസഫ്, സ്മിത ഏലിയാസ്, ലൂസി പൈലി, ജോയ്സ് സാജു, മെഴ്സി ബിനോയ് (കാനഡ), ജോയിന്‍റ് സെക്രട്ടറി ജെസി പീറ്റര്‍, ട്രഷറര്‍ എല്‍മി പോള്‍ എന്നിവര്‍ക്കുള്ള അനുമോദനവും നന്ദിയും ഷീജ ഗീവര്‍ഗീസ് അറിയിച്ചു.

റിപ്പോർട്ട് : മൊയ്തീൻ പുത്തൻചിറ