ഫോമാ കേരളത്തിനായി പത്തു ലക്ഷം രൂപയുടെ രണ്ടാംഘട്ട ധനസഹായം പ്രഖ്യാപിച്ചു
Thursday, August 16, 2018 2:24 PM IST
ഷിക്കാഗോ: കനത്തമഴയും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മൂലം ജനജീവിതം താറുമാറാക്കിയ കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയില്‍ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമാ 10 ലക്ഷത്തിന്റെ രണ്ടാംഘട്ട ധനസഹായം പ്രഖ്യാപിച്ചു. അടിയന്തര എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ആണ് ഈ തീരുമാനം കൈക്കൊണ്ടത്. അമേരിക്കയിലെ നിരവധി ആളുകള്‍ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ തങ്ങളുടെ ബന്ധുമിത്രാദികളെയും അവശതയനുഭവിക്കുന്ന മറ്റുള്ളവരെയും എങ്ങനെ സഹായിക്കും എന്ന് ആശങ്കപ്പെടുന്ന സാഹചര്യത്തില്‍ ആണ് ഫോമായുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു രണ്ടാംഘട്ട ദുരിതാശ്വാസ നടപടികള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്. 10 ലക്ഷം രൂപയുടെ ഈ പാക്കേജ് ഒരാഴ്ചക്കകം കേരളത്തില്‍ എത്തിക്കുമെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു. ഫോമയുടെ ആദ്യഘട്ട സഹായം ആലപ്പുഴ പത്തനംതിട്ട ജില്ലകളില്‍ ആവശ്യസാധനങ്ങള്‍ അടങ്ങിയ ആയിരത്തില്‍പരം കിറ്റുകള്‍ വിതരണം ചെയ്തുകൊണ്ട് കഴിഞ്ഞമാസം നടത്തിയിരുന്നു.

കേരളത്തിലെ പ്രളയക്കെടുതിയില്‍ അപലപിക്കുവാനും ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുവാനും ഫോമയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകിട്ട് ന്യൂയോര്‍ക്ക് സമയം 8 30ന് ദേശീയ കോണ്‍ഫറന്‍സ് കോള്‍ വിളിച്ചു കൂട്ടുന്നു. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥന്മാരും ജനപ്രതിനിധികളും ഈ കോണ്‍ഫറന്‍സില്‍ ചേര്‍ന്നു കൊണ്ട് കാര്യങ്ങള്‍ വിശദീകരിക്കുന്നതായിരിക്കും. അമേരിക്കയിലെ എല്ലാ മലയാളികളും ഈ കോണ്‍ഫറന്‍സ് കോളില്‍ ചേര്‍ന്നുകൊണ്ട് കേരളത്തിലെ ജനങ്ങളോടുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് ഫോമാ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.
Conference Call Details
Dial in Number - 605 472 5611
Access Code - 209764
Date: 8/16/2018 - Thursday

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം