കാവ്യസന്ധ്യ ഏവരുടെയും മനം കവര്‍ന്നു
Thursday, August 16, 2018 8:31 PM IST
ഷിക്കാഗോ: ഹില്‍ട്ടണ്‍ ഷിക്കാഗോയില്‍ ഓഗസ്റ്റ് 10 മുതല്‍ 12 വരെ നടന്ന എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നായര്‍ സംഗമത്തോടനുബന്ധിച്ചു സംഘടിപ്പിച്ച "കാവ്യസന്ധ്യ' ഏവരുടേയും മനം കവര്‍ന്നു.

ജയപ്രകാശ് നായരുടെ സ്വാഗത പ്രസംഗത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. സ്വയം രചിച്ച കവിതകളാലപിച്ച ഡോ. ശകുന്തള രാജഗോപാല്‍, ഡോ. സുശീല രവീന്ദ്രനാഥ്, ലക്ഷ്മി ആര്‍ നായര്‍, ശ്യാം പരമേശ്വരന്‍, ആതിര സുരേഷ്, ആനന്ദ് പ്രഭാകര്‍, മഹേഷ് കൃഷ്ണന്‍ എന്നിവർ കവിതകൾ ആലപിച്ചു. തുടര്‍ന്നു പ്രശസ്തരായ കവികളുടെ കവിതകളും ആലപിച്ചു.

കുന്നപ്പള്ളില്‍ രാജഗോപാല്‍ വയലാര്‍ രാമവര്‍മ്മ രചിച്ച "താടക എന്ന രാജകുമാരി'യും ജയപ്രകാശ് നായര്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ "താതവാക്യം' എന്ന കവിതയും ആലപിച്ചു. തികഞ്ഞ സാഹിത്യകാരനും ഒരു ഭാഷാസ്നേഹിയുമായ കെ. രാധാകൃഷ്ണന്‍ നായര്‍ കുമാരനാശാന്‍റെ "ചിന്താവിഷ്ടയായ സീതയും', വള്ളത്തോളിന്‍റെ "അച്ഛനും മകളും' എന്ന കവിതയും ശ്രുതിമധുരമായി ആലപിച്ചു. രാധാകൃഷ്ണന്‍ നായരുടെ നന്ദിപ്രകാശനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു. രാധാകൃഷ്ണന്‍ നായർ, ശ്യാം പരമേശ്വരന്‍, ജയപ്രകാശ് നായര്‍ എന്നിവർ കാവ്യസന്ധ്യക്ക് നേതൃത്വം നൽകി.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍