പ്രവീണ്‍ വര്‍ഗീസ് കേസ്: വിധി പറയുന്നത് സെപ്റ്റംബർ 17 ലേക്കു മാറ്റി
Thursday, August 16, 2018 9:21 PM IST
ഷിക്കാഗോ: ഇല്ലിനോയ്സ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയും മലയാളിയുമായ പ്രവീണ്‍ വര്‍ഗീസിനെ വധിച്ച കേസിലെ പ്രതി ഗേജ് ബതൂണിനു വേണ്ടി ഓഗസ്റ്റ് 13 നു കോടതിയിൽ ഹാജരായ പുതിയ അറ്റോര്‍ണിമാർ കേസ് പഠിക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നു വിധി പറയുന്നത് സെപ്റ്റംബർ പതിനേഴിലേക്കു മാറ്റിവച്ചുകൊണ്ടു ജഡ്ജി ഉത്തരവിട്ടു .

കേസിന്‍റെ വിധി ഓഗസ്റ്റ് 15 നു നടക്കാനിരിക്കെയാണ് പുതിയ തീരുമാനം. വളരെ ജനശ്രദ്ധ ആകർഷിച്ച കേസിന്‍റെ ഭാവി എന്തായി തീരുമെന്ന ആശങ്ക ഇതിനകം ഉയർന്നിട്ടുണ്ട്.

പ്രവീണിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഗേജ് ബത്തൂണ്‍ കുറ്റക്കാരനാണെന്ന് ജൂണ്‍ 14 ന് ജൂറി വിധിയെഴുതിയിരുന്നു. നേരത്തെ ഹാജരായ അറ്റോര്‍ണിയെ മാറ്റണമെന്നു കോടതിയിൽ എഴുതി നല്‍കിയ അപേക്ഷയില്‍ പ്രതി ആവശ്യപ്പെട്ടിരുന്നു. രണ്ടു തവണയാണ് ഇതേ ആവശ്യം ഉന്നയിച്ച് പ്രതി അപേക്ഷ നൽകിയത്. ഓഗസ്റ്റ് 9 നു ജഡ്ജി പ്രതിയുടെ അപേക്ഷ അംഗീകരിച്ചു. ഇതിനെ തുടര്‍ന്നാണ് പുതിയ രണ്ടു അറ്റോര്‍ണിമാർ കേസ് ഏറ്റെടുത്തത് .

ഓഗസ്റ്റ് 13 നു സ്റ്റാറ്റസ് ഹിയറിംഗിന് കേസ് കോടതി പരിഗണിച്ചപ്പോൾ ജഡ്ജിയും അറ്റോർണിമാരും പ്രതിയും പരസ്പരം വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തിയിരുന്നു. ചർച്ചയുടെ വിശദ വിവരങ്ങൾ വെളിപ്പെടുത്താൻ ഇരു വിഭാഗവും തയാറായില്ല. പ്രവീണിന്‍റെ മരണത്തിൽ ഗേജ് ബതൂണിനു യാതൊരു പങ്കും ഇല്ലാത്തതിനാൽ കേസ് തള്ളിക്കളയുകയോ ,പുനർ വിചാരണ നടത്തുകയോ വേണമെന്നാവശ്യപ്പെട്ടു കോടതിയിൽ പുതിയ അറ്റോർണിമാർ സമർപ്പിച്ച അപേക്ഷ ജഡ്ജി പരിഗണിച്ചാൽ വിധി അനിശ്ചിതമായി നീണ്ടുപോകാനാണ് സാധ്യത. മറിച്ചാണെങ്കിൽ മാതമേ സെപ്റ്റംബർ 17 നു അന്തിമ വിധി ഉണ്ടാകു.

കോടതിയുടെ പുതിയ നീക്കത്തിൽ അഭിപ്രായം പറയുന്നതിന് പ്രവീണിന്‍റെ മാതാവ് ലൗലി വർഗീസ് വിസമ്മതിച്ചുവെങ്കിലും പ്രതി ഇപ്പോഴും ജയിലിൽ തന്നെയാണല്ലോ എന്നാണ് പ്രതികരിച്ചത് .

നാലുവര്‍ഷം പ്രവീണിന്‍റെ മാതാവു വിശ്രമമില്ലാതെ നടത്തിയ നിരന്തര പോരാട്ടത്തെ തുടര്‍ന്നാണു മകന്‍റെ മരണത്തിൽ ഗേജ് ബത്തൂണിന്‍റെ പങ്ക് വ്യക്തമാക്കപ്പെട്ടത്. 20 മുതല്‍ 60 വര്‍ഷം വരെയാണ് പ്രതിക്ക് ഈ കേസില്‍ ശിക്ഷ ലഭിക്കുന്നതിനുള്ള സാധ്യത .

റിപ്പോർട്ട് : പി.പി. ചെറിയാൻ