ജീവിത വിജയത്തിന് വിദ്യാര്‍ഥികള്‍ സമയം ക്രിയാത്മകമായി പ്രയോജനപ്പെടുത്തണം : ഡോ. സെല്‍വിന്‍ കുമാര്‍
Thursday, August 16, 2018 10:19 PM IST
മലപ്പുറം : വിദ്യാര്‍ഥി ജീവിതം മനുഷ്യായുസിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണെന്നും ജീവിത വിജയം നേടുവാന്‍ വിദ്യാര്‍ഥികള്‍ സമയം ക്രിയാത്മകമായി പ്രയോജനപ്പെടുത്തണമെന്നും അമേരിക്കയിലെ കിംഗ്സ് യൂണിവേഴ്സിറ്റി പ്രസിഡന്‍റും ഇന്‍റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ സെക്രട്ടറി ജനറലുമായ ഡോ. സെല്‍വിന്‍ കുമാര്‍ അഭിപ്രായപ്പെട്ടു. വടക്കാങ്ങര ടാലന്‍റ് പബ്ലിക് സ്കൂള്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോഷ്യല്‍ മീഡിയയും ഇലക്ട്രോണിക് ഉപകരണങ്ങളും ഏറെ പ്രയോജനമുള്ളവയാണെങ്കിലും വിദ്യാര്‍ഥികളെ പഠനത്തില്‍ നിന്നും വ്യതിചലിപ്പിക്കുവാന്‍ കാരണമാവുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാങ്കേതിക വിദ്യയുടെ നല്ല വശങ്ങളെ രചനാത്മകായി പ്രയോജനപ്പെടുത്തുന്ന വിദ്യാഭ്യാസ ക്രമമാണ് കാലഘട്ടത്തിന്‍റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ വിദ്യാഭ്യസ രീതിയും ഇന്ത്യന്‍ വിദ്യാഭ്യസ രീതിയും താരതമ്യം ചെയ്തു സംസാരിച്ച അദ്ദേഹം ഇന്ത്യയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍, രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും സമൂഹത്തില്‍ നിന്നും കൂടുതല്‍ ശ്രദ്ധയും പരിരക്ഷയും കിട്ടുന്നവരാണെന്നു അഭിപ്രായപ്പെട്ടു. ഈ അനുകൂല സാഹചര്യങ്ങള്‍ മുതലെടുത്തു ഉയര്‍ന്ന വിദ്യാഭ്യാസം നേടാന്‍ അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു.

നുസ്റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിന്ധ്യ ഐസക്, സീനിയര്‍ ഫാക്കല്‍റ്റി പ്രഫ. അബ്ദുല്ല, മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര സംബന്ധിച്ചു.