പ്രളയക്കെടുതി: ഓണാഘോഷം ഉപേക്ഷിച്ച് വെസ്റ്റ് ചെസ്റ്റർ അയ്യപ്പക്ഷേത്രവും
Friday, August 17, 2018 6:29 PM IST
ന്യൂയോർക്ക്: എല്ലാ മലയാളികൾക്കൊപ്പം പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേർന്നുകൊണ്ട് വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രം ഓഗസ്റ്റ് 25 നു (ശനി) നടത്താനിരുന്ന ഓണാഘോഷങ്ങൾ ഉപേക്ഷിച്ചു.

അന്നേദിവസം ഉച്ചയ്ക്ക് 12 മുതൽ സ്പെഷൽ പൂജകൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഓണാഘോഷത്തിനായി ചെലവഴിക്കാനുദ്ദേശിക്കുന്ന ഓരോ ഡോളറും നാട്ടില്‍ പ്രളയദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കു വേണ്ടി ചെലവാക്കാൻ ക്ഷേത്ര കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

നമ്മുടെ സംസ്ഥാനം ഇന്ന് ഏറ്റവും വലിയ പ്രകൃതി ക്ഷോഭത്തിനും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിക്കുകയാണ്. വീട് നഷ്ടപ്പെട്ടവർ, കൃഷികൾ നഷ്ടപ്പെട്ടവർ, ആഹാരവും വസ്ത്രവും ഇല്ലാതെ മഴയ്ക്കും വെള്ളപൊക്കത്തിനും ഉരുൾ പോട്ടലിനും മുമ്പിൽ പകച്ചു നില്‍ ക്കുന്ന ഒരു ജനത എന്തിനു അധികം പറയണം പ്രാഥമിക ആവശ്യത്തിനു പോലും സൗകര്യമില്ലാതെ വിഷമിക്കുന്പോൾ ഇക്കുറി ഓണം വേണ്ടെന്നു വയ്ക്കുന്നതാണ് ഉചിതം. വിദേശത്തുള്ള എല്ലാ മലയാളികളും കഴിയുന്ന സഹായം നാട്ടില്‍ എത്തിക്കേണ്ട അടിയന്തര സന്ദര്‍ഭമാണിത്. ഈ അവസരത്തിൽ നമുക്ക് ഒത്തുരുമിച്ചു പ്രവർത്തിച്ചു ഏറ്റവും കൂടുതൽ സഹായം കേരളത്തിലെ കഷ്ടപ്പെടുന്നവർക്കു എത്തിക്കുകയാണ് നമ്മുടെ കടമയെന്ന് ക്ഷേത്രം പ്രസിഡന്‍റ് പാർത്ഥസാരഥി പിള്ള പറഞ്ഞു.

റിപ്പോർട്ട് : ശ്രീകുമാർ ഉണ്ണിത്താൻ