പ്രളയക്കെടുതി : ഷിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷം റദ്ദാക്കി
Friday, August 17, 2018 7:10 PM IST
ഷിക്കാഗോ: കനത്ത മഴയും പ്രളയ കെടുതിയും മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കു ആശ്വാസം ആകുവാനും "കേരളത്തോടൊപ്പം' ഞങ്ങളും ഉണ്ട് എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഷിക്കാഗോ മലയാളി അസോസിയേഷൻ ഓഗസ്റ്റ് 25 നു നടത്താനിരുന്ന ഓണാഘോഷം റദ്ദാക്കിയതായി പ്രസിഡന്‍റ് രഞ്ജൻ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു.

ഓണാഘോഷത്തിനായുള്ള ഫണ്ടും സംഘടനാ അംഗങ്ങൾ നൽകുന്ന സംഭാവനകളും ഉൾപ്പടെ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയച്ചു കൊടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

വിവിധ ഓൺ ലൈൻ മാർഗത്തിലൂടെ പണം സമാഹരിച്ചാൽ അതിന്‍റെ ഒരു ഭാഗം സർവീസ് ചാർജ് ആയി കൊടുക്കേണ്ടി വരും എന്നതിനാലും കിട്ടുന്ന പണം മുഴുവനായും എത്രയും വേഗം നാട്ടിലേക്കു അയച്ചു കൊടുക്കണമെന്നതിനാലും ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ഈ ധനശേഖരണ യത്നത്തിൽ എല്ലാ വരും അസോസിയേഷന്‍റെ പേരിൽ ചെക്ക് നൽകണമെന്ന് അഭ്യർഥിച്ചു. തുക നികുതി വിമുക്തമായിരിക്കും.

വിവരങ്ങൾക്ക് രഞ്ജൻ എബ്രഹാം (847 287 0661), ജിമ്മി കണിയാലി ( 630 903 7680), ഫിലിപ്പ് പുത്തൻപുരയിൽ (773 4055954), ജോൺസൻ കണ്ണൂക്കാടൻ ( 847 477 0564 ) , ജിതേഷ് ചുങ്കത് (224 522 9157 ) , ഷാബു മാത്യു (630 649 4103 ).