രവി രഘ്ബീറിനെ നാടുകടത്തുന്നതിനുള്ള വിധിക്ക് സ്റ്റേ ഇല്ലെന്ന് കോടതി
Saturday, August 18, 2018 6:08 PM IST
ന്യൂയോർക്ക്: അമേരിക്കയിലെ സിവിൽ റൈറ്റ്സ് ഓർഗനൈസേഷൻ ലീഡറും ന്യൂ സാൻച്ചുവറി കൊയലേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ രവി രഘ്ബീറിനെ നാടു കടത്താനുള്ള ന്യുജേഴ്സി ഫെഡറൽ കോടതി വിധിക്കെതിരെ സ്റ്റേ നൽകാനാവില്ലെന്ന് ന്യൂയോർക്ക് സെക്കൻഡ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ് ഓഗസ്റ്റ് 15 ന് ഉത്തരവിട്ടു.

സെപ്റ്റംബർ ഏഴിന് അമേരിക്ക വിടണമെന്ന തീരുമാനം നേരത്തെ ന്യൂജേഴ്സി ഫെഡറൽ കോടതി വിധി ഉണ്ടായിരുന്നുവെങ്കിലും തൽക്കാലം സ്റ്റേ അനുവദിച്ചിരുന്നു. ഫസ്റ്റ് അമൻമെന്‍റ് റൈറ്റ്സ് നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റിനെതിരെ രവി ലൊ സ്യൂട്ട് ഫയൽ ചെയ്തിരുന്നത്.

ഇന്ത്യയിലാണ് അടിവേരുകളെങ്കിലും ട്രിനിഡാഡ് പൗരനായി അമേരിക്കയിൽ അറിയപ്പെടുന്ന രവി രഘ്ബീർ, ഇരുപത്തേഴാം വയസിൽ ആവശ്യമായ രേഖകൾ ഇല്ലാതെയാണ് അമേരിക്കയിൽ എത്തിയതെങ്കിലും ഗ്രീൻ കാർഡ് സംഘടിപ്പിക്കുവാൻ ഇദ്ദേഹത്തിനായിരുന്നു. വയർഫ്രോഡിൽ പ്രതി ചേർക്കപ്പെട്ടതോടെ രവിയുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് നഷ്ടപ്പെട്ടിരുന്നു.

1991 മുതൽ അമേരിക്കയിൽ താമസിച്ചിരുന്ന രവിയെ അറസ്റ്റ് ചെയ്ത് നിരവധി ആഴ്ച ഡിറ്റൻഷനിൽ വച്ചതിനുശേഷം നാടു കടത്തുന്നതിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സ്റ്റേ ലഭിക്കുന്നതിനും രവിക്കു കഴിഞ്ഞു. അമേരിക്കൻ പൗരത്വമുള്ള ഭാര്യ, മകൾ എന്നിവരിൽ നിന്നും വേർപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഇയാളുടെ വാദം. രവി രഘ്ബീറിനെ നാടുകടത്തുകയല്ലാതെ തങ്ങളുടെ മുമ്പിൽ മറ്റൊരു വഴിയുമില്ലെന്ന് ഐസിഇയും വ്യക്തമാക്കി.

റിപ്പോർട്ട് : പി.പി. ചെറിയാൻ