ഹൂസ്റ്റണില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു
Tuesday, August 21, 2018 10:26 PM IST
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു. എറണാകുളം സ്വദേശിയായ ചാൾസ് കോതേരിത്തറ (37) ആണ് മരിച്ചത്. മോഷണ ശ്രമത്തിനിടെ ചാൾസിന് അക്രമിയുടെ വെടിയേൽക്കുകയായിരുന്നുവെന്നാണ് നിഗമനം.

ഞായറാഴ്ച രാത്രി എട്ടരയോടെ ഹൂസ്റ്റണിലെ സെന്‍റ് തോമസ് മൂര്‍ പള്ളിയുടെ പാര്‍ക്കിംഗ് സ്ഥലത്ത് വച്ചാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിനു ദൃക്സാക്ഷികളില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.

ബോസ്റ്റണില്‍ താമസിക്കുന്ന റാഫി കോതേരിത്തറ-ആലീസ് ദന്പതികളുടെ മകനാണ് എൻജിനിയറായ ചാൾസ്. ഭാര്യ സീന. ചാൾസിന്‍റെ സഹോദരൻ എമിലും അമേരിക്കയിലുണ്ട്. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) പ്രസിഡന്‍റ് ജോഷ്വാ ജോര്‍ജും സഹപ്രവർത്തകരും കുടുംബാംഗങ്ങള്‍ക്ക് സഹായവുമായി രംഗത്തുണ്ട്.

ചാൾസിന്‍റെ മൃതദേഹം ബുധന്‍ വൈകിട്ട് ആറ് മുതല്‍ ഒൻപത് വരെ ടെക്‌സസ് സ്റ്റാഫോര്‍ഡ് സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. വ്യാഴാഴ്ച രാവിലെ പത്തിന് സെന്‍റ് തോമസ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് ശേഷം ഹൂസ്റ്റണിലെ വെസ്റ്റ് ഹൈമര്‍ റോഡിലെ ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരി സംസ്കാരം നടക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം