’നോട്ട് റദ്ദാക്കലിനെ എതിർക്കുന്നവർ കള്ളപ്പണത്തിന്റെ ആരാധകർ’
ബംഗളൂരു: നോട്ട് റദ്ദാക്കൽ ജനവിരുദ്ധമാണെന്നു പറയുന്നവർ അഴിമതിയുടെയും കള്ളപ്പണത്തിന്റെയും ആരാധകരാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരേയുള്ള നീക്കത്തെ മലിനപ്പെടുത്താൻ കള്ളപ്പണത്തെ തുണയ്ക്കുന്നവർ ശ്രമിക്കുന്നതു സങ്കടകരമാണെന്നും 21—ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും മോദി പറഞ്ഞു. ബംഗളൂരു അന്താരാഷ്ര്‌ട എക്സിബിഷൻ സെന്ററിൽ പതിന്നാലാമതു പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

റദ്ദാക്കിയ നോട്ടുകൾ വിദേശത്ത് അടയ്ക്കുന്നതിനുള്ള സൗകര്യം അടക്കം പ്രവാസികൾ പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളൊന്നും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുണ്ടായില്ല. എങ്കിലും മോദി ആരാധകരായ ആളുകൾ ഹർഷാരവത്തോടെയാണ് ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പ്രസംഗത്തെ വരവേറ്റത്. വിവിധ മേഖലകളിലെ മികവിന് 30 പേർക്ക് പ്രവാസി സമ്മാൻ പുരസ്കാരം രാഷ്ര്‌ടപതി പ്രണാബ് മുഖർജി ഇന്നു സമ്മാനിക്കും.

വിദേശത്തു ജോലി തേടുന്നവർക്കായി കേരളത്തിന്റെ നൈപുണ്യ വികസന പദ്ധതിയുടെ മാതൃകയിൽ ദേശീയ തലത്തിൽ തൊഴിൽ വൈദഗ്ധ്യം നേടുന്നതിനു പ്രവാസി കൗശൽ വികാസ് യോജന രൂപീകരിക്കുമെന്നു പ്രധാനമന്ത്രി അറിയിച്ചു. പ്രവാസികളിൽ പിഐഒ (പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ) കാർഡ് ഉള്ളവർ അത് ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡ് ആക്കി മാറ്റണമെന്ന് മോദി അഭ്യർഥിച്ചു. ഇതിനുള്ള കാലാവധി പിഴയില്ലാതെ ജൂൺ 30 വരെ നീട്ടി.

പോർച്ചുഗൽ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ അന്റോണിയോ കോസ്റ്റ മുഖ്യാതിഥിയായിരുന്നു. ഗോവയിൽനിന്നു പോർച്ചുഗലിലേക്കു കുടിയേറിയവരുടെ മകനാണെന്നും ഇന്ത്യൻ വംശജൻ എന്നതിൽ അഭിമാനമുണ്ടെന്നും പിഐഒ കാർഡ് ഉയർത്തിക്കാട്ടി അന്റോണിയോ കോസ്റ്റ പറഞ്ഞു.

സുരിനാം വൈസ് പ്രസിഡന്റ് മൈക്കിൾ അശ്വിൻ അധീൻ, കർണാടക ഗവർണർ വാജുഭായി രുദ്രാഭായി വാല, മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി അനന്ത കുമാർ, വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ. സിംഗ്, കർണാടക മന്ത്രി ആർ.വി. ദേശ്പാണ്ഡെ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. മഹാരാഷ്ര്‌ട, ഛത്തീസ്ഗഡ്, പുതുച്ചേരി മുഖ്യമന്ത്രിമാരും കേരളത്തിൽ നിന്നു വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, വ്യവസായ പ്രമുഖരായ യൂസഫലി, രവി പിള്ള, വർഗീസ് കുര്യൻ, ഡോ. ആസാദ് മൂപ്പൻ തുടങ്ങി നിരവധി പേരും സമ്മേളനത്തിനെത്തി.

കള്ളപ്പണവും അഴിമതിയും നമ്മുടെ സമ്പദ്ഘടനയെയും രാഷ്ര്‌ടീയത്തെയും സമൂഹത്തെയും സാവധാനം പൊള്ളയാക്കി മാറ്റുകയാണെന്നു മോദി ചൂണ്ടിക്കാട്ടി. കള്ളപ്പണത്തിനും അഴിമതിക്കും എതിരായ പോരാട്ടത്തിൽ വിദേശത്തെ ഇന്ത്യക്കാർ പിന്തുണച്ചുവെന്നും അതിനു നന്ദിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.