ക്നാനായ റീജൺ ഫാമിലി കോൺഫറൻസ്: അറ്റ്ലാന്റയിൽ രജിസ്ട്രേഷൻ ആരംഭിച്ചു
Monday, January 9, 2017 8:26 AM IST
അറ്റ്ലാന്റ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക് റീജണിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഫാമിലി കോൺഫറൻസിന്റെ രജിസ്ട്രേഷന് അറ്റ്ലാന്റയിൽ തുടക്കമായി. തിരുപ്പിറവി ദിനത്തിലെ തിരുക്കർമങ്ങൾക്കുശേഷം വികാരി ഫാ. ജോസഫ് പുതുശേരി, മാത്യു കൂപ്ലിക്കാട്ടിൽ നിന്നും ആദ്യ രജിസ്ട്രേഷൻ സ്വീകരിച്ച് അറ്റ്ലാന്റാ ഹോളി ഫാമിലി ക്നാനായ ഇടവകയിലെ രജിസ്ട്രേഷന് ഔദ്യോഗിക തുടക്കം കുറിച്ചത്. ആദ്യ ദിനം തന്നെ പത്തിലധികം കുടുംബങ്ങൾ ഫാമിലി കോൺഫറൻസിന്റെ രജിസ്ട്രേഷനിൽ പങ്കു ചേർന്നു. ക്നാനായ ഇടവകകളിലെ കുടുംബങ്ങളുടെ കൂട്ടായ്മയായ ഫാമിലി കോൺഫറൻസിൽ കുടുംബ ജീവിതത്തിനും യുവതി യുവാക്കളുടെ വിശുദ്ധീകരണത്തിനും ഊന്നൽ കൊടുത്തുകൊണ്ട് നിരവധി പരിപാടികൾ ആവിഷ്കരിക്കുന്നുണ്ടെന്നും ഈ അവസരം ഉപയോഗപ്പെടുത്തികൊണ്ടു ക്രിസ്തു കേന്ദ്രീകൃതമായ കുടുംബങ്ങൾ കെട്ടിപ്പടുക്കുന്നതിനായി പരമാവധി കുടുംബങ്ങളുടെ പ്രാതിനിത്യം ഫാമിലി കോൺഫറൻസിൽ ഉണ്ടാകണമെന്ന് വികാരി ഫാ. ജോസഫ് പുതുശേരിൽ ഓർമിപ്പിച്ചു.

ജൂൺ 28 മുതൽ ജൂലൈ ഒന്നു വരെയാണ് ഷിക്കാഗോയ്ക്കടുത്ത് സെന്റ് ചാൾസിലെ ഫെസന്റ് റിസോർട്ടിൽ ക്നാനായ റീജണിന്റെ പ്രഥമ ഫാമിലി കോൺഫറൻസ് നടത്തപ്പെടുന്നത്. ക്നാനായ റീജണിന്റെ എല്ലാ ഇടവകകളിൽനിന്നും മിഷനുകളിൽ നിന്നുമായി നിരവധി കുടുംബങ്ങൾ ഇതിനകം തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. കുടുംബ കേന്ദ്രീകൃതവും യുവജനങ്ങൾക്ക് ആത്മീയമായ അടിത്തറ പാകുവാൻ സാധിക്കുന്നതുമായ നിരവധി പരിപാടികളാണ് കോൺഫറൻസിന്റെ ഭാഗമായി ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നത്.

വിവരങ്ങൾക്ക്: ഫാ. തോമസ് മുളവനാൽ 310 709 5111, ഫാ. എബ്രഹാം മുത്തോലത്ത് 773 412 6254, ഫാ. ബോബൻ വട്ടംപുറത്ത് 773 934 1644,

ടോണി പുല്ലാപ്പള്ളി 630 205 5078, ജോയി വാച്ചാച്ചിറ 630 731 6649, തിയോഫിൻ ചാമക്കാലാ 972 877 7279.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ