റഷ്യൻ ഇടപെടൽ: ഒടുവിൽ ട്രംപും അംഗീകരിച്ചു
Monday, January 9, 2017 8:33 AM IST
വാഷിംഗ്ടൺ: അമേരിക്കയിൽ നടന്ന പൊതുതെരഞ്ഞെടുപ്പ് സ്വാധീനിക്കുന്നതിന് റഷ്യൻ ഇടപെടൽ ഉണ്ടായെന്ന് ഒടുവിൽ നിയുക്‌ത പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അംഗീകരിച്ചു. ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് ജനുവരി എട്ടിനാണ് മാധ്യമങ്ങളോട് ഈ വിവരം തുറന്നുപറഞ്ഞത്.

യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് നിഗമനങ്ങൾ പൂർണമായും ട്രംപ് അംഗീകരിക്കുന്നില്ലെങ്കിലും റഷ്യ സൈബർ അറ്റാക്ക് നടത്തിയിരുന്നതായും എന്നാൽ അത് റഷ്യൻ പ്രസിഡന്റ് പുടിന്റെ നിർദ്ദേശപ്രകാരമായിരുന്നില്ലെന്നും ചീഫ് ഓഫ് സ്റ്റാഫ് റിൻസ് പ്രിബസ് ട്രംപിനെ ഉദ്ധരിച്ചു പറഞ്ഞു. പ്രസിഡന്റായി സത്യപ്രതിജ്‌ഞ ചെയ്യുന്നതിനു മുമ്പ് റിപ്പബ്ലിക്കൻ പാർട്ടി സീനിയർ അംഗങ്ങളുടേയും പ്രസിഡന്റ് ഒബാമയുടേയും ശക്‌തമായ സമ്മർദമാണ് ട്രംപിനെ ഇങ്ങനെയൊരു തീരുമാനം പ്രഖ്യാപിക്കുവാൻ പ്രേരിപ്പിച്ചത്.

ട്രംപിന്റെ വിജയത്തിന് റഷ്യയുടെ ഇടപെടൽ യാതൊരു വിധത്തിലും സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് ട്രംപിന്റെ അനുയായികൾ പറഞ്ഞു. റഷ്യക്കെതിരെ എന്തു നടപടികളാണ് സ്വീകരിക്കേണ്ടതെന്ന നിർദ്ദേശം യുഎസ് ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റിനോട് ചീഫ് ഓഫ് സ്റ്റാഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

റഷ്യൻ നയതന്ത്ര ഉദ്യോഗസ്‌ഥരെ കൂട്ടത്തോടെ അമേരിക്കയിൽ നിന്നും പറഞ്ഞയച്ചിട്ടും ഇതിനെതിരെ അതേ നാണയത്തിൽ നടപടി സ്വീകരിക്കാത്തത് ട്രംപ് അധികാരമേറ്റെടുത്തതിനുശേഷം നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്‌തമാക്കാം എന്ന് റഷ്യ പ്രതീക്ഷിക്കുന്നതുകൊണ്ടാണ്. അമേരിക്കയും റഷ്യയും കൈകോർത്താൽ ലോകം ഇന്നഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താനാകും.

റിപ്പോർട്ട്: പി.പി. ചെറിയാൻ