നിഷ ബിസ്വാളിന് പ്രവാസി ഭാരതീയ ദിവസ് അവാർഡ്
ബംഗളൂരു: പ്രവാസി ഭാരതീയ ദിവസ് വാലിഡിക്ടറി ഡേയോടനുബന്ധിച്ച് വിദേശ കാര്യ മന്ത്രാലയം പ്രഖ്യാപിച്ച അവാർഡിന് ഇന്ത്യൻ അമേരിക്കൻ ഡിപ്ലോമാറ്റ് നിഷാ ദേശായ് ഉൾപ്പെടെ മുപ്പത് പേർ അർഹരായി. ജനുവരി ഒമ്പതിന് ബംഗളൂരുവിലാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. പബ്ലിക് സർവീസ്, പബ്ലിക് അഫയേഴ്സ് വിഭാഗത്തിൽ നടത്തിയ സ്തുത്യർഹ സേവനത്തിനാണ് പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയൊ ലൂയിസ്, നിഷ ദേശായ് എന്നിവരെ തിരഞ്ഞെടുത്തത്. നിഷയെ കൂടാതെ മറ്റ് അഞ്ച് ഇന്ത്യൻ അമേരിക്കൻ വംശജരും അവാർഡിന് അർഹരായി.

പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ മൂന്നാം ദിനം പോർച്ചുഗൽ പ്രധാന മന്ത്രി അന്റോണിയൊ ലൂയിസ് മുഖ്യാതിഥിയായിരുന്നു. ഗുജറാത്തിൽ നിന്നുള്ള നിഷ (48) യെ ബറാക്ക് ഒബാമയാണ് സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യൻ അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റായി നിയമിച്ചത്. 2013 ജൂലൈ 19 നായിരുന്നു നിയമനം.