ഒബാമയുടെ വിടവാങ്ങൽ സന്ദേശം ജനുവരി 10 ന്
ഷിക്കാഗോ: എട്ടു വർഷത്തെ പ്രസിഡന്റ് ഭരണത്തിനു വിരാമമിട്ട് അമേരിക്കൻ ജനതക്ക് വിടവാങ്ങൽ സന്ദേശം നൽകുന്നതിന് ബറാക്ക് ഒബാമ ജന്മ നഗരമായ ഷിക്കാഗോയിലെത്തും. ജനുവരി 10ന് (ചൊവ്വ) രാത്രി ഒൻപതിനാണ് വിടവാങ്ങൽ പ്രസംഗം. അമേരിക്കയിലെ പ്രധാന ചാനലുകളെല്ലാം തന്നെ തൽസമയ പ്രക്ഷേപണം ഉണ്ടായിരിക്കും.

രാഷ്ര്‌ടീയ എതിരാളിയും നിയുക്‌ത പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെ എതിർക്കുന്നതിനോ, രാഷ്ര്‌ടീയ നേട്ടങ്ങൾ നിരത്തിവയ്ക്കുന്നതിനോ ഉള്ള അവസരമാക്കി മാറ്റുന്നതിനുപകരം അമേരിക്കൻ ജനാധിപത്യം ഉയർത്തി പിടിക്കുന്നതിനുള്ള ആഹ്വാനമായിരിക്കും ഒബാമയുടെ പ്രസംഗത്തിൽ ഉണ്ടായിരിക്കുകയെന്ന് രാഷ്ര്‌ടീയ നിരീക്ഷകർ കണക്കു കൂട്ടുന്നത്.

രാഷ്ര്‌ടീയ ജീവിതത്തിലേക്ക് കടന്നു വന്ന ഷിക്കാഗോയിൽ നിന്നു തന്നെയായിരിക്കും രാഷ്ര്‌ടീയ ജീവിതത്തിൽ നിന്നുള്ള വിടവാങ്ങലും. വിടവാങ്ങൽ സന്ദേശം നൽകുന്ന അമേരിക്കയുടെ പത്താമത്തെ പ്രസിഡന്റാണ് ബറാക് ഒബാമ.

അമേരിക്കൻ ചരിത്രത്തിൽ തങ്ക ലിപികളാൽ കുറിക്കപ്പെട്ട 32 പേജുകളുള്ള വിടവാങ്ങൽ സന്ദേശം ആദ്യമായി നൽകിയത് 1976 സെപ്റ്റംബർ 19 ന് ജോർജ് വാഷിംഗ്ടണായിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ