കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ ജീവകാരുണ്യ രംഗത്തേക്ക്
ടൊറേന്റോ: കാനഡയിലെ മലയാളി നഴ്സുമാരുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മയായ കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷന്റെ (സിഎംഎൻഎ) ഈ വർഷത്തെ സഹായനിധി തിരുവനന്തപുരം ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ജ്വാല ഫൗണ്ടേഷന് കൈമാറി.

തിരുവനന്തപുരത്തെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിച്ചുകൊടുക്കുന്ന ജീവകാരുണ്യ പ്രസ്‌ഥാനമായ ജ്വാല ഫൗണ്ടേ ഷനു നൽകുന്നതിനുവേണ്ടി ബോബി ഏബ്രഹാമിൽ നിന്നും സിഎംഎൻഎയുടെ ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടറായ സിനി തോമസ് സഹായധനം ഏറ്റുവാങ്ങി.

കാനഡയിലെ നഴ്സുമാരുടേയും കുടുംബാംഗങ്ങളുടേയും കലാ–സാംസ്കാരിക–സാമൂഹ്യ– ആരോഗ്യ മേഖലകളിലെ ഉന്നമനത്തിനുവേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്ന സിഎംഎൻഎ, പൊതുസമൂഹത്തിനുവേണ്ടി ഓർഗൻ ഡോണർ ഇൻഫർമേഷൻ സെഷൻസ്, ഡയബറ്റിക് എഡ്യൂക്കേഷൻ ക്ലാസുകൾ, ഇൻഫർമേഷൻ സെഷൻസ് എബൗട്ട് സിപിആർ തുടങ്ങിയവയും നടത്തിവരുന്നു.

പുതുതായി കുടിയേറുന്ന വിദ്യാർഥികളുടെ പിആർ അപേക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിഎംഎൻഎ ഭാരവാഹികൾ കനേഡിയൻ ഫെഡറൽ ഇമിഗ്രേഷൻ മിനിസ്റ്റർക്ക് സമർപ്പിച്ച മെമ്മോറാണ്ടം ഫലംകണ്ടതിൽ സന്തുഷ്ടരാണ്. രണ്ടോ അതിൽകൂടുതലോ കാലയളവിൽ കാനഡയിൽ ഉപരിപഠനം നടത്തുന്ന അപേക്ഷകർക്ക് 30 പോയിന്റും രണ്ടു വർഷത്തിൽ കുറവ് പഠനം നടത്തുന്നവർക്ക് 15 പോയിന്റും വെയിറ്റേജ് നൽകാനുള്ള നടപടി വിദ്യാർഥികൾക്ക് പ്രയോജനം ചെയ്യുമെന്നതിൽ സംശയമില്ല.

ആദ്യമായി വീടു വാങ്ങുന്നവർക്ക് ഹോം ലൈഫ് മിറക്കിൾ റിയാലിറ്റി ലിമിറ്റഡുമായി സഹകരിച്ച് Earn Fifty Persent of The sales persons Commition Back to the First Home Buyer to Furnish your New Home എന്ന പരിപാടിയും ധാരാളം പേർക്ക് ഗുണംചെയ്യുന്നു.

ഉദ്യോഗാർഥികൾക്കായി ടിപ്സ് ഫോർ സക്സസ് ഇൻ ഇന്റർവ്യൂ എന്ന പരിപാടിയും സിഎംഎൻഎ നടത്തി വരുന്നു. 2017–ലെ വാർഷിക ഡിന്നർ നൈറ്റ് വിവിധ കലാപരിപാടികളോടെ ഏപ്രിൽ 22ന് വൈകുന്നേരം 5.30 ന് നാഷണൽ ബാങ്ക്വറ്റ് ഹാളിൽ (National Banquet Hall, 7355 Torbram Road, L4T3w3 Mississauga) നടക്കും. കാനഡയിലെ മന്ത്രിമാർ, എംപിമാർ തുടങ്ങി നിരവധി വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കും. ദീർഘകാലം ആരോഗ്യരംഗത്ത് സേവനം ചെയ്ത നഴ്സുമാരെ ചടങ്ങിൽ ആദരിക്കും.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം