ക്നാനായ റീജൺ ഫാമിലി കോൺഫ്രൻസിന്റെ ആപ്തവാക്യം പ്രഖ്യാപിച്ചു
Wednesday, January 11, 2017 3:59 AM IST
ഷിക്കാഗോ: ക്നാനായ റീജന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 മുതൽ ജൂലൈ ഒന്നു വരെ ഷിക്കാഗോയിൽ വച്ചു നടത്തപെടുന്ന പ്രഥമ ഫാമിലി കോൺഫറൻസിന്റെ ആപ്തവാക്യം പ്രഖ്യാപിച്ചു. ക്നാനായ റീജിയൻ ഡയറക്ടറും ഫാമിലി കോൺഫ്രൻസ് കമ്മറ്റിയുടെ പ്രസിഡണ്ടുമായ ഫാ. തോമസ് മുളവനാൽ ആണ് "FOSTERING FAITH AND TRADITIONS IN THE KNANAYA FAMILIES" അഥവാ ‘വിശ്വാസവും പാരമ്പര്യങ്ങളും ക്നാനായ കുടുംബങ്ങളിൽ പരിപോഷിപ്പിക്കുക‘ എന്ന ആപ്തവാക്യം പ്രഖ്യാപിച്ചത്. കത്തോലിക്കാ വിശ്വാസവും ക്നാനായ പാരമ്പര്യങ്ങളും അതിന്റെ തനിമയിലും, യഥാർത്ഥ അർത്ഥത്തിലും മനസിലാക്കുവാനും അവയെ ക്നാനായ കുടുംബങ്ങളിൽ പരിപോക്ഷിക്കുവാനുമുള്ള ഊർജം പകരുക എന്നുള്ള ദൗത്യമാണ് ഫാമിലികോൺഫ്രൻസ് കൊണ്ട് ഉദ്ദേശിക്കുക്കുന്നത് എന്നു അദ്ദേഹം അറിയിച്ചു.

നോർത്ത് അമേരിക്കൻ ക്നാനായ സമൂഹം ഉൾപ്പെടുന്ന ഷിക്കാഗോ സീറോ മലബാർ രൂപത, 2017 യുവജന വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ, ഫാമിലി കോൺഫ്രൻസിൽ യുവതീ യുവാക്കൾക്കായി ഏറ്റവും അനുയോജ്യമായ രീതിയിൽ സഭാത്മകവും സാമുദായികവുമായ പരിപാടികൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും, കുടുംബങ്ങളുടെ ആദ്ധ്യാത്മികവും സഭാത്മകവും സാമുദായികവുമായ പുരോഗതിക്കും ശാക്‌തീരണത്തിനും ഊന്നൽ കൊടുത്തുകൊണ്ട്, സെമിനാറുകളും, ധ്യാന പ്രസംഗങ്ങളും, ബൈബിളിനെ ആസ്പദമാക്കിയുള്ള കലാപരിപാടികളും ഉൾപ്പെടുത്തിക്കൊണ്ടാണ് ഫാമിലി കോൺഫ്രൻസ് വിഭാവനം ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു. പ്രസിദ്ധരായ ധ്യാന ഗുരുക്കന്മാരുടെ കുടുംബ നവീകരണ ചിന്തകൾ പങ്കു വെയ്ക്കുവാനും, വൈദീക മേലദ്ധ്യക്ഷന്മാരും, വൈദീകരും, സന്യസ്തരും വിശ്വാസ സമൂഹവും ഒരേ കൂടാരത്തിൽ ഒന്നിച്ച്, ക്നാനായ സമൂഹത്തിലെ സഭാ സാമുദായിക വളർച്ചക്ക് ആക്കം കൂട്ടുവാൻ ഉതകുന്ന പരിപാടികൾ ആസൂത്രണം ചെയ്യുവാനും അവസരം ലഭിക്കത്തക്ക വിധത്തിൽ ഫാമിലി കോൺഫ്രൻസിന്റെ പരിപാടികൾ വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ ക്രമീകരിച്ചു കൊണ്ടിരിക്കുകയാണ്. കോൺഫ്രൻസിൽ രജിസ്റ്റർ ചെയ്യുവാൻ ആഗ്രഹമുള്ളവർ എത്രയും വേഗം തങ്ങളുടെ ഇടവകകളിലെയോ മിഷനുകളിലെയോ വൈദീകരുമായോ രജിസ്ട്രേഷൻ കമ്മറ്റി അംഗങ്ങളുമായോ ബന്ധപ്പെട്ട് പൂർത്തിയാക്കണമെന്നു അദ്ദേഹം അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. തോമസ് മുളവനാൽ : 310 709 5111, ഫാ. എബ്രഹാം മുത്തോലത്ത് :773 412 6254, ഫാ. ബോബൻ വട്ടംപുറത്ത് :773 934 1644, ടോണി പുല്ലാപ്പള്ളി: 630 205 5078.