ബ്രോങ്ക്സ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ യുവജന വർഷം ഉദ്ഘാടനം ചെയ്തു
ന്യൂയോർക്ക്: ഷിക്കാഗോ സീറോ മലബാർ രൂപത 2017 യുവജന വർഷമായി ആചരിക്കുന്നതിനോടനുബന്ധിച്ച് ഫോറോന തല ഉദ്ഘാടനം ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ നടന്നു. 2016 ഡിസംബർ 31ന് കൃതജ്‌ഞതാബലിക്ക് സന്നിഹിതരായിരുന്ന വിശ്വാസികളെ സാക്ഷിയാക്കി യൂത്ത് പ്രതിനിധികളായ തോമസ് മാളിയേക്കലും കെന്നിറ്റ കുമ്പിളുവേലിയും ചേർന്ന് നിലവിളിക്ക് തെളിച്ച് നിർവഹിച്ചു.

യുവജന വർഷം പ്രമാണിച്ച് ഈ വർഷം രൂപത തലത്തിലും ഇടവക തലത്തിലും യുവജനങ്ങളുടെ ആത്മീയവും സാമൂഹികവുമായ വളർച്ചക്ക് സഹായിക്കുന്ന വിവിധ ധ്യാനങ്ങളും സെമിനാറുകളും ക്ലാസുകളും ഉൾപ്പെടെ വിവിധ പരിപാടികൾ അരങ്ങേറും. യുവജനങ്ങൾ സഭയുടെ നട്ടെല്ലാണെന്നും സഭയൂടെ ഭാവി നിലനിൽപ്പ് യുവജനങ്ങളിലാണെന്നും ആശംസ നേർന്ന് വികാരി ഫാ. ജോസ് കണ്ടത്തിക്കുടി പറഞ്ഞു. മദ്യത്തിലും മയക്കുമരുന്നിനും അടിമപ്പെട്ടു പോകാതെ വളർന്നുവരുന്ന തലമുറയെ സഭക്കും രാജ്യത്തിനും മുതൽക്കൂട്ടായി വളർത്തിയെടുക്കുന്നതിൽ എല്ലാ മാതാപിതാക്കളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. പള്ളി ഭരണകാര്യങ്ങളിലും യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സീറോ മലബാർ സഭ നൽകിവരുന്നതായും ഇതിന്റെ ഭാഗമായി ഇടവകയുടെ പുതിയ ഭരണസമിതിയിൽ എട്ട് യുവജനങ്ങളെ ഉൾപ്പെടുത്തിയതായും ഫാ. ജോസ് കണ്ടത്തിക്കുടി പറഞ്ഞു. ചടങ്ങിൽ അസി. വികാരി ഫാ. ജോയ്സൻ മേനോലിക്കൽ പ്രസംഗിച്ചു.

റിപ്പോർട്ട്: ഷോളി കുമ്പിളുവേലി