മെഡിക്കൽ ഇൻഷ്വറൻസ് ഇല്ലാത്ത മലയാളികൾക്ക് കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ സഹായ പദ്ധതി
ഷിക്കാഗോ: മെഡിക്കൽ ഇൻഷ്വറൻസ് ഇല്ലാത്ത മലയാളികൾക്ക് സഹായമായി കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ, ഷിക്കാഗോയിലെ പാറ്റേഴ്സൺ അർജെന്റ് കെയറുമായി സഹായ കരാർ ഒപ്പുവെച്ചു. ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും എല്ലാ മലയാളികൾക്കും ഈ സ്‌ഥാപനത്തിൽ 40 ഡോളർ നിരക്കിൽ ഏതുസമയവും അർജെന്റ് കെയറിലെ ഡോക്ടർമാരെ കാണാം. അപ്പോയിന്റ്മെന്റ് ഇല്ലാതെ ഏതു സമയവും ഇവിടെ ചെല്ലാം എന്നതാണ് മറ്റൊരു പ്രത്യേകത.

ഡോക്ടേഴ്സ് വിസിറ്റിന് നൂറ്റമ്പതും ഇരുനൂറും ഡോളർ ചാർജ് ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ ഈ പദ്ധതി ഇൻഷ്വറൻസ് ഇല്ലാത്ത മലയാളികൾക്ക് സഹായകരമാകുമെന്നു കേരളൈറ്റ് അമേരിക്കൻ അസോസിയേഷനുവേണ്ടി കരാർ ഒപ്പുവെച്ച പ്രൊഫ. ജീൻ പുത്തൻപുരക്കൽ അറിയിച്ചു.

സർജറി സെന്റർ, റേഡിയോളജി വിഭാഗം എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളുള്ള ഒരു വലിയ സ്‌ഥാപനമാണ് ഷിക്കാഗോയിലെ അർജെന്റ് കെയർ. കേരളൈറ്റ് അമേരിക്കൻ അസോസിയേഷന്റെ പേരിൽ എല്ലാ മലയാളികൾക്കും ഈ ഡിസ്കൗണ്ട് ഉപയോഗിക്കാമെന്നു സംഘടനാ ഭാരവാഹികൾ അറിയിച്ചു. അസോസിയേഷൻ പ്രസിഡന്റ് ജിബിൻ ഈപ്പൻ, ഫോമ ഷിക്കാഗോ റീജിയൻ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് എടാട്ട്, സെക്രട്ടറി ഷിനോ രാജപ്പൻ എന്നിവർ പദ്ധതിയെ സ്വാഗതം ചെയ്തു. അർജെന്റ് കെയറിലെ റിസപ്ഷനിൽ ചെല്ലുമ്പോൾ കേരളൈറ്റ് അമേരിക്കൻ അസോസിയേഷന്റെ പേരു പറഞ്ഞാൽ 40 ഡോളർ നിരക്കിൽ ഏതുസമയവും ഡോക്ടർമാരെ കാണാവുന്നതാണ്.

Mon Fri 8.00 am 9.00 pm
Sat sun 12.00 am 9.00 pm
Address: 2300 W. Peterson Ave, Chicago, IL 60659.


റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം