ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ വി. ചാവറ അച്ചന്റെ തിരുനാൾ ആഘോഷിച്ചു
ഷിക്കാഗോ: മാർത്തോമാൾീഹാ സീറോ മലബാർ കത്തീഡ്രലിൽ ജനുവരി എട്ടാംതീയതി രാവിലെ 11 മണിയുടെ കുർബാനയോടനുബന്ധിച്ച് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുനാൾ ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അസി. വികാരി റവ.ഡോ. ജയിംസ് ജോസഫ്, റവ.ഫാ. പോൾ ചൂരത്തൊട്ടിയിൽ, റവ.ഫാ. ജോണസ് ചെറുനിലം എന്നിവരുടെ കാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാനയോടെ ഭക്‌തിനിർഭരമായി കൊണ്ടാടി.

മാധ്യസ്‌ഥം അപേക്ഷിക്കുന്ന ഭക്‌തജനത്തിന് രോഗശാന്തിയും അത്ഭുതകരമായ രീതിയിൽ പലവിധേനയുള്ള അനുഗ്രഹങ്ങളും വർഷിക്കുന്ന ഈ പുണ്യാത്മാവ് 2014 നവംബർ 23–നാണ് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടത്.

എപ്പോഴും കർമ്മനിരതനും, ഉറച്ച തീരുമാനങ്ങൾ എടുക്കുകയും ചെയ്ത്, തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ദൈവനിയോഗമായി സ്വീകരിച്ചുകൊണ്ട് ദൈവജനത്തിന്റെ വിശുദ്ധീകരണത്തിനും വളർച്ചയ്ക്കുമായി സ്വജീവിതം കാഴ്ചവെച്ചു. വളരെ ദീർഘവീക്ഷണത്തോടെ പല കാര്യങ്ങളും ചെയ്തിരുന്ന വി. ചാവറയച്ചനെ ‘കാലത്തിനു മുമ്പേ നടന്ന നവോത്ഥാന നായകൻ’ എന്നു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നതിൽ അതിശയമില്ല. ഇതിനൊരു തെളിവാണ് ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളെ കേന്ദ്രീകരിച്ചുകൊണ്ട് അദ്ദേഹം കാഴ്ചവെച്ച പ്രവർത്തനങ്ങൾ. എല്ലാ പള്ളികളോടും ചേർന്ന് പള്ളിക്കൂടങ്ങൾ തുടങ്ങണമെന്ന കർശന നിർദേശം, കേരളത്തിൽ ആദ്യമായി പാവപ്പെട്ട കുട്ടികൾക്ക് പുസ്തകവും വസ്ത്രവും ഉച്ചക്കഞ്ഞിയും സൗജന്യമായി ലഭിക്കുന്നതിനുള്ള ഏർപ്പാടുകൾ തുടങ്ങി വിദ്യാഭ്യാസ മേഖലകളിലും അതുപോലെ തന്നെ മാധ്യമ രംഗങ്ങളിലും അദ്ദേഹത്തിന്റെ സംഭാവനതൾ വിലമതിക്കാനാവാത്തതാണ്.തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി വി. ചാവറ അച്ചന്റെ തിരുശേഷിപ്പു വഹിച്ചുകൊണ്ടുള്ള ഭക്‌തനിർഭരമായ പ്രദക്ഷിണം, ലദീഞ്ഞ്, തിരുശേഷിപ്പ് വന്ദിക്കൽ, നേർച്ച വിതരണം, അതിനുശേഷം നടന്ന സ്നേഹവിരുന്ന് എന്നിവയോടെ ആഘോഷപരിപാടികൾ സമാപിച്ചു. ഇടവകയിലെ ഏതാനും കുടുംബങ്ങൾ ചേർന്നാണ് തിരുനാൾ ഏറ്റെടുത്ത് നടത്തിയത്. ബ്രിജിറ്റ് ജോർജ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം