സുക്ഷമ സ്വരാജിന്റെ വിരട്ടൽ ഫലം കണ്ടു; ആമസോൺ ചവിട്ടുമെത്തകൾ പിൻവലിച്ചു
Thursday, January 12, 2017 7:29 AM IST
വാഷിംഗ്ടൺ: ഇന്ത്യൻ വിദേശകാര്യ മന്ത്രി സുക്ഷമ സ്വരാജിന്റെ വിരട്ടൽ ഒടുവിൽ ഫലം കണ്ടു. ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത ഇ കൊമേഴ്സ് കമ്പനിയായ ആമസോൺ തങ്ങളുടെ വെബ്സൈറ്റിൽ നിന്നു പിൻവലിച്ചു. ദേശീയപതാകയെ അപമാനിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങൾ ആമസോൺ പിൻവലിക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നീക്കം. ഇത്തരം ചവിട്ടുമെത്തകൾ ഇനി വിൽക്കില്ലെന്നു ആമസോണിന്റെ കാനഡയിലെ വെബ്സൈറ്റ് അറിയിച്ചു.

ത്രിവർണ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത നിർമിച്ച ആമസോൺ മാപ്പു പറയണമെന്നും അത്തരം ഉത്പന്നങ്ങൾ പിൻവലിക്കണമെന്നും സുഷമ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ആമസോൺ കമ്പനിയിലെ ഉദ്യോഗസ്ഥർക്ക് ഇന്ത്യ വീസ അനുവദിക്കില്ലെന്നും ട്വിറ്ററിൽ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ആമസോൺ കമ്പനിയുമായി ഈ വിഷയത്തിൽ നേരിട്ട് ചർച്ച ചെയ്യാൻ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷനോടു സുക്ഷമ സ്വരാജ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.