അരിസോണയിൽ എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം വർണാഭമായി
Friday, January 13, 2017 9:55 AM IST
ഫീനിക്സ്: അരിസോണ മലയാളി ക്രിസ്ത്യൻ അസോസിയേഷന്റെ സംയുക്‌ത ക്രിസ്മസ് ആഘോഷം ഡിസംബർ 10ന് ആഘോഷിച്ചു. മേസാ ഡോബ്സൺ
ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ ഫാ. ജോർജ് ഉമ്മൻ, ഫാ. ജോർജ് എട്ടുപറയിൽ, ഫാ. സജി മർക്കോസ്, ഫാ. ഷിന്റോ എന്നിവർ ചേർന്ന് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫാ. സജി മർക്കോസ് സഹോദര സഭകളുടെ കൂട്ടായ്മയിൽ എക്യുമെനിക്കൽ അസോസിയേഷന്റെ പ്രസക്‌തിയെക്കുറിച്ച് വിശദീകരിച്ചു. ഫാ. ഷിന്റോ ടി. ഡേവിഡ് വിശിഷ്‌ടാതിഥിയായി പങ്കെടുത്ത് സന്ദേശം നൽകി.

തുടർന്നു വിവിധ പള്ളികളുടെ ഗായക സംഘങ്ങൾ ആലപിച്ച കരോൾ ഗാനങ്ങൾ, ഫീനിക്സ് മാത്തോമ ചർച്ചിലെ സൺഡേസ്കൂൾ കുട്ടികൾ അവതരിപ്പിച്ച ഗാനങ്ങളും സ്കിറ്റും സെന്റ് പീറ്റേഴ്സ് യാക്കോബായ ചർച്ച് അവതരിപ്പിച്ച അർദ്ധ ശാസ്ത്രീയ നൃത്തവും സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് അവതരിപ്പിച്ച ‘വചനം മാംസമായി’ എന്ന സ്കിറ്റും കാണികൾ ആസ്വദിച്ചു. ഹോളി ഫാമിലി സീറോ മലബാർ കാത്തലിക് ചർച്ചിന്റെ വിശുദ്ധ മദർ തെരേസയുടെ ജീവിതത്തെ അടിസ്‌ഥാനപ്പെടുത്തി നാടകം അരങ്ങേറി. തോമസ് അപ്രേമും കിരൺ കുര്യനും പരിപാടികളുടെ അവതാരകരായിരുന്നു. ഫാ. സ്റ്റാലിൻ തോമസിന്റെ നേതൃത്വത്തിൽ സ്തോത്രകാഴ്ചയും നടന്നു. ഫാ. ശ്ലോമോ ജോർജിന്റെ പ്രാർഥനക്കുശേഷം ക്രിസ്മസ് പപ്പാ ചോക്ലേറ്റുകൾ വിതരണം ചെയ്തു. സെക്രട്ടറി ജനു മാത്യു, ട്രഷറർ കുര്യൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ജേക്കബ് വർഗീസ്