ഇന്ത്യൻ വിദ്യാർഥിനി ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് ജീവപര്യന്തം
Friday, January 13, 2017 9:56 AM IST
ഒക് ലഹോമ: മുംബൈയിൽ നിന്നുള്ള എംബിഎ വിദ്യാർഥിനി നിഖിത നകൽ ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഇരുപത്താറുകാരിയെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. ജനുവരി 10ന് ശിക്ഷ വിധിക്കുമ്പോൾ കൊല്ലപ്പെട്ട പ്രതികളുടെ കുടുംബാംഗങ്ങളോട് അനുകമ്പ പ്രകടിപ്പിച്ച പ്രതി വളരെ ദുഃഖിതയായി കാണപ്പെട്ടു.

2015 ഒക്ടോബർ 24നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ അഡസിയ ചേബേഴ്സ് ഒക് ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഹോം കമിംഗ് പരേഡിനകത്തേയ്ക്ക് കാർ ഇടിച്ചു കയറ്റിയതിനെത്തുടർന്നാണ് നിഖിത ഉൾപ്പെടെ ദമ്പതികളായ ബോണി–മാർവിൻ, രണ്ടുവയസുകാരി നാഷ എന്നിവർ മരിക്കാനിടയായത്. പരേഡിനകത്തേയ്ക്കു മനഃപൂർവം വാഹനം ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർ വാദിച്ചപ്പോൾ മാനസിക അസ്വസ്‌ഥതയാണ് ഇങ്ങനെ സംഭവിക്കുവാൻ കാരണമെന്ന് പ്രതിയുടെ അറ്റോർണി വാദിച്ചു.

നിഖിത ഏതാനും മാസങ്ങൾക്ക് മുമ്പാണ് മുംബൈയിൽ നിന്നും എംബിഎ പഠനത്തിനായി ഒക് ലഹോമ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എത്തിചേർന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ