എട്ടുവയസുകാരിയുടെ ധീരതയിൽ അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കും പുനർജന്മം
Saturday, January 14, 2017 8:49 AM IST
ബാൾട്ടിമോർ: വീടിനുള്ളിൽ ആളിപടർന്ന തീയിൽ നിന്നും ഒരു നിമിഷം പോലും പകച്ചുനിൽക്കാതെ അമ്മയേയും രണ്ടു സഹോദരങ്ങളേയും രക്ഷപ്പെടുത്തി എട്ടു വയസുകാരി ധീരത കാട്ടി.

ജനുവരി 12ന് രാത്രിയാണ് സംഭവം. അമ്മയും ഒൻപത് കുട്ടികളും ഉറങ്ങി കിടക്കവെയാണ് വീട്ടിൽ തീ പടർന്നത്. തുടർന്ന് എറിൻ മലോൺ എന്ന എട്ടുവയസുകാരി അഗ്നിക്കുള്ളിൽ നിന്നും ഇളയ രണ്ടു സഹോദരങ്ങളേയും അമ്മയേയും അതി സാഹസികമായി പുറത്തെത്തിക്കുകയായിരുന്നു.

വീടിനകത്തെ ഇലക്ട്രിക് ഹീറ്ററിൽ നിന്നാണ് തീ ആളിപടർന്നതെന്ന് കരുതുന്നു. അപകടത്തിൽ ആറ് കുരുന്നുകളുടെ ജീവൻ നഷ്ടപ്പെട്ടു. ഒമ്പത് മാസവും രണ്ടു വയസസുമുള്ള ആൺ കുട്ടികൾ, മൂന്ന് വയസുള്ള ഇരട്ട പെൺകുട്ടികൾ, പത്തും പതിനൊന്നും വയസുള്ള രണ്ട് പെൺകുട്ടികൾ എന്നിവരാണ് അഗ്നിക്കിരയായത്.

സംഭവം നടക്കുമ്പോൾ പിതാവ് ജോലി സ്‌ഥലത്തായിരുന്നു. വിവരം അറിഞ്ഞതിനെത്തുടർന്ന് അഗ്നിശമനസേന സ്‌ഥലത്തെയെങ്കിലും വീട് പൂർണമായും കത്തിയമർന്നിരുന്നു. അഗ്നിയിൽ നിന്നും രക്ഷപ്പെട്ട മൂന്നു കുട്ടികളേയും മാതാവിനേയും ആശുപത്രിയിൽ എത്തിച്ചു. ഇതിൽ രണ്ടു കുട്ടികളുടെ നില ഗുരുതരമാണ്.

മേരിലാന്റ് ഹൗസ് പ്രതിനിധിയുടെ സ്റ്റാഫായി പ്രവർത്തിച്ചു വരികയായിരുന്നു കുട്ടികളുടെ മാതാവ്. ഒമ്പത് കുട്ടികളുടേയും ചിത്രങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കുകയും ധനസഹായ ഫണ്ട് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ