ഇന്ത്യൻ വിദ്യാർഥികളുടെ ഭാവിയിൽ ആശങ്കയറിച്ച് കമല ഹാരിസ്
Saturday, January 14, 2017 8:50 AM IST
വാഷിംഗ്ടൺ: 2012 ൽ ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് നിയമത്തിന്റെ അടിസ്‌ഥാനത്തിൽ അമേരിക്കയിൽ നിയമപരമായി തുടരുന്നതിന് അർഹത ലഭിച്ച 17,000 ഇന്ത്യൻ വിദ്യാർഥികളുടെ ഭാവിയെക്കുറിച്ച് ആശങ്കയുള്ളതായി കലിഫോർണിയയിൽ നിന്നുള്ള ഡമോക്രാറ്റിക് സെനറ്ററും ഇന്ത്യൻ വംശജയുമായ കമല ഹാരിസ്.

പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഹോംലാന്റ് സെക്യൂരിറ്റി തലവനായി നിയമിച്ച റിട്ടയേർഡ് ജനറൽ ജോൺ കെല്ലി സെനറ്റ് കമ്മിറ്റിക്ക് മുമ്പിൽ ജനുവരി 10ന് ഹാജരായപ്പോഴാണ് സെനറ്റിൽ നവാഗതയായ കമല ഹാരിസ് തന്റെ ഉത്കണ്ഠ അറിയിച്ചത്.

ഒബാമ കൊണ്ടുവന്ന നിയമം റദ്ദാക്കുമെന്ന ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം അതേപടി നടപ്പാക്കുമോ എന്ന ചോദ്യത്തിന് അത്രയും വലിയ പരിഗണന ഇതിന് നൽകുന്നില്ല എന്നാണ് കെല്ലി പ്രതികരിച്ചത്. 80,000 അൺ ഡോക്യുമെന്റഡ് കുട്ടികളാണ് നിയമവിരുദ്ധമായി കുടിയേറിയ മാതാപിതാക്കളോടൊപ്പം ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്. ഇവർ ഇവിടെ വിദ്യാഭ്യാസം നടത്തുകയും വിവിധ മേഖലകളിൽ ഉയർന്ന തസ്തികകളിൽ ഉൾപ്പെടെ തൊഴിലെടുക്കുന്നവരുമാണ്. ഇന്ത്യയിൽ നിന്നുള്ള 17,000 വിദ്യാർഥികളിൽ 3608 പേർ മാത്രമേ ഡിഎസിഎ നിയമത്തിന്റെ ആനുകൂല്യം വേണമെന്നാവശ്യപ്പെട്ട് ഇതുവരെ അപേക്ഷ നൽകിയിട്ടുള്ളൂ എന്ന് കമല ഹാരിസ് വെളിപ്പെടുത്തി.

80,000 കുട്ടികൾ ഉൾപ്പെടെ 11 മില്യനാണ് കുടിയേറ്റക്കാരാണ് അമേരിക്കയിലേക്ക് ആവശ്യമായ യാത്രാരേഖകളില്ലാതെ കുടിയേറിയിരിക്കുന്നത്. ഇവരിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തിയവരെ പുറത്താക്കുമെന്നാണ് ട്രംപ് വ്യക്‌തമാക്കിയിട്ടുള്ളത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ