ഒബാമ കെയർ പിൻവലിക്കുന്നതാപത്ത്: ബർണി സാന്റേഴ്സ്
Monday, January 16, 2017 5:24 AM IST
മിഷിഗൺ: അഫ്രോഡബിൾ കെയർ ആക്ടിന്റെ ആനുകൂല്യം ലഭിക്കുന്ന 30 മില്യൺ അമേരിക്കക്കാരുടെ ഭാവി അനിശ്ചിതത്തിലാക്കി ഒബാമ കെയർ പദ്ധതി പിൻവലിക്കുന്നത് അപകടകരമാണെന്ന് വെർമോണ്ട് സെനറ്ററും ഡമോക്രാറ്റിക് പ്രസിഡന്റ് സ്‌ഥാനാർഥിയുമായിരുന്ന ബർണി സാന്റേഴ്സ്. ഒബാമ കെയർ പിൻവലിക്കുന്നതിനെതിരെ കനത്ത മഞ്ഞുവീഴ്ചയെ പോലും അവഗണിച്ച് മിഷിഗണിന്റെ വിവിധ സിറ്റികളിൽ സംഘടിപ്പിച്ച റാലികളെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു ബർണി.

ഒബാമ കെയർ പൂർണമായും ഒഴിവാക്കേണ്ടതാണെന്ന അഭിപ്രായമില്ലെന്നും കൂടുതൽ പഠനങ്ങൾക്കു വിധേയമാക്കി കുറവുകൾ തിരുത്തുന്നതിനുള്ള നടപടികളാണ് ആവശ്യമെന്നും ബർണി അഭിപ്രായപ്പെട്ടു.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമായ അമേരിക്കയിൽ എല്ലാ പൗരന്മാർക്കും ആരോഗ്യ/ സംരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന യാഥാർഥ്യം എല്ലാവരും അംഗീകരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പബ്ലിക്കൻ അംഗങ്ങൾ ഒബാമകെയർ റിഫീൽ ചെയ്യുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇതിനു പകരം മറ്റൊരു പദ്ധതി കൊണ്ടുവരുന്നതുവരെ ഒബാമ കെയർ നിലനിൽക്കുന്നതിനുള്ള സമ്മർദ്ദം ചെലുത്തേണ്ടതു നമ്മുടെ കർത്തവ്യമാണെന്നു ബർണി സാന്റേഴ്സ് പ്രഖ്യാപിച്ചു. സെനറ്റ് മൈനോറട്ടറി ലീഡർ ഷൂമർ, സെനറ്റർമാരായ ഡെബി, ഗാരി എന്നിവരും റാലിയെ അഭിസംബോധന ചെയ്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ