മാർട്ടിൻ ലൂഥർ കിംഗ് പരേഡിനിടയിൽ വെടിവെയ്പ്, എട്ടുപേർക്ക് പരിക്ക്
Tuesday, January 17, 2017 5:33 AM IST
ഫ്ളോറിഡ: ’മാർട്ടിൻ ലൂതർ കിങ്ങ് ജൂനിയർ ഡേ’ ആഘോഷങ്ങളോടനുബന്ധിച്ചു സംഘടിപ്പിച്ച പരേഡിനിടയിൽ ഉണ്ടായ വെടിവെപ്പിനെ തുടർന്നു എട്ടുപേർക്കു പരിക്കേറ്റു. ജനുവരി 16 –നു തിങ്കളാഴ്ച വൈകുന്നേരം നാലിനു നോർത്ത് ഈസ്റ്റ് മയാമി മെമ്മോറിയൽ പാർക്കിലാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന ഉടൻ പോലീസ് പാർക്കിൽ നിന്നും എല്ലാവരേയും പുറത്താക്കി. മൂന്നു മുതിർന്നവരും, അഞ്ചു കുട്ടികൾക്കുമാണ് വെടിയേറ്റതെന്നും, ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും മയാമി പോലീസ് ഡയറക്ടർ ഖാൻ പെരസ് ട്വിറ്ററിലൂടെ അറിയിച്ചു.

സാമൂഹ്യ പരിഷ്കർത്താവായ ’മാർട്ടിൻ ലൂതർ കിങ്ങ് ജൂനിയർ ഡെ’ ആഘോഷങ്ങളിൽ നടന്ന വെടിവെപ്പിനെ ’ഷെയിംഫുൾ’ എന്നാണ് ഡയറക്ടർ വിശേഷിപ്പിച്ചത്.വെടിവെച്ചുവെന്ന് കരുതപ്പെടുന്ന രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരിൽ നിന്നും രണ്ടു ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.വെടിവെപ്പിനു പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിച്ചു വരുന്നതായി ഡയറക്ടർ അറിയിച്ചു. പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ