വിർജിനിയായിൽ മലയാളി കുടുംബം സുമനസുകളുടെ സഹായം തേടുന്നു
Wednesday, January 18, 2017 3:39 AM IST
റെസ്റ്റൺ (വിർജീനിയ): അമേരിക്കയിലെ വിർജിനിയായിൽ താമസിക്കുന്ന മകളെയും കുടുംബത്തേയും സന്ദർശിക്കുവാനുള്ള യാത്രാമധ്യേ വിമാനത്തിൽ വച്ച് രോഗബാധിതനായ മലയാളി സുമനസുകളുടെ സഹായം തേടുന്നു.

കോട്ടയം സ്വദേശിയും ഗുജറാത്തിലെ അഹമ്മദാബാദിൽ ദീർഘകാലമായി താമസക്കാരുമായ അശോക് കുമാർ രാമകൃഷ്ണ, ഭാര്യ കോട്ടയം പേരൂർ മുണ്ടുവേലിൽ ലളിതയോടും ഇവരുടെ മകൾ ലതികയുടെ കുടുംബത്തോടൊപ്പം 2016 ഡിസംബർ എട്ടിന് അഹമ്മദാബാദിൽ നിന്നും ദോഹ വഴി വാഷിംഗ്ടൺ ഡിസിയിലേയ്ക്കുള്ള യാത്രാമധ്യേ അസ്വസ്‌ഥനായ രാമകൃഷ്ണന് വിമാന അധികൃതർ പ്രഥമശുശ്രൂഷ നൽകിയെങ്കിലും ഡിസിയിൽ എത്തിയപ്പോഴേയ്ക്കും ശരീരം മുഴുവനും തളർന്ന് അദ്ദേഹത്തിന്റെ സ്‌ഥിതി കൂടുതൽ വഷളായതുമൂലം വിമാനത്താവളത്തിൽ നിന്നും നേരിട്ട് ആംബുലൻസിൽ വിർജീനിയയിലെ റസ്റ്റൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പരിശോധനയിൽനിന്നും അദ്ദേഹത്തിന് ‘ഗില്ലിയൻബാരെ’ (Guillain-barré Syndrome) എന്ന അപൂർവ രോഗമാണിതെന്ന് ആശുപത്രി അധികൃതർ സ്‌ഥിരീകരിച്ചു.

ആശുപത്രിയിൽ നിന്നും (ആതുര സേവന പദ്ധതി വഴി) അദ്ദേഹത്തിന് വിദഗ്ധ ചികിത്സാ സഹായങ്ങളാണ് ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായമില്ലാതെ ഇപ്പോൾ ശ്വസിക്കാൻ സാധിക്കുന്നുണ്ടെങ്കിലും ശരീരം പൂർണമായും ഇപ്പോഴും തളർന്നിരിക്കുന്നു. പരിപൂർണ ആരോഗ്യം വീണ്ടെടുക്കാനായി ദീർഘ നാളത്തെ ചികിത്സയും ഫിസിക്കൽ തെറാപ്പിയും ആവശ്യമാണ്. അതിനായി ഇദ്ദേഹത്തെ ഏതെങ്കിലും rehabilitation center ലേക്ക് മാറ്റണം എന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു.

അമേരിക്കയിൽ സന്ദർശന വീസയിൽ എത്തിയിരിക്കുന്ന ഇദ്ദേഹത്തിന് മെഡിക്കൽ ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്തതുമൂലം ഭാവിചികിത്സക്കായി എങ്ങനെ പണം കണ്ടെത്തും എന്ന ആശങ്കയിലാണ് മകൾ ലതികയും കുടുംബവും. ലതികയ്ക്കും ഭർത്താവ് അനിലിനും ഏഴുവയസും രണ്ടുവയസുമുള്ള മക്കളുണ്ട്. ലതിക മുഴുവൻ സമയ കുടുംബിനി ആണ്. പിതാവിന്റെ ഭാവി ചികിത്സക്കായി ഭീമമായ തുക ആവശ്യമാകയാൽ, ഇവർ ഉദാരമതികളായ പൊതുജനങ്ങളിൽനിന്നും സഹായം അഭ്യർഥിക്കുന്നു.

അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമാ ഇവർക്ക് സഹായമെത്തിക്കുവാനായി പ്രവർത്തനമാരംഭിച്ചു. കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിംഗ്ടൺ മുൻ പ്രസിഡന്റ വസന്ത് നമ്പ്യാർ അറിയിച്ചതനുസരിച്ചു ഫോമായുടെ വനിതാ പ്രതിനിധിയും സാന്ത്വനം പദ്ധതിയുടെ ചെയർ പേഴ്സണുമായ രേഖ ഫിലിപ്പ്, ഇദ്ദേഹത്തെയും കുടുംബത്തെയും ആശുപത്രിയിൽ നേരിട്ട് സന്ദർശിച്ച് സ്‌ഥിതിഗതികൾ വിലയിരുത്തി. ഈ കുടുംബത്തിന് ആശ്വാസം പകരാനും മറ്റു സഹായങ്ങൾ എത്തിക്കാനുമായി രേഖ ഫിലിപ്പിനോടൊപ്പം, തോമസ് കുര്യൻ (RVP, Capital Region), രാജ് കുറുപ്പ് (ദേശിയ കമ്മിറ്റി അംഗം) എന്നിവരുടെ നേതൃത്വത്തിൽ സഹായ പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നു. ഇവരോടൊപ്പം, സന്ദീപ് പണിക്കർ (President, KCSMW), ഹരിദാസ് നമ്പ്യാർ (President , KAGW), ജോയി കൂടാലി (Pesident, Kairali of Baltimore) തുടങ്ങിയർ പ്രാദേശിക തലത്തിൽ പ്രവർത്തിച്ചുവരുന്നു.

ജനുവരി പതിനഞ്ചിന് വിളിച്ചുകൂട്ടിയ ടെലിഫോൺ കോൺഫറൻസിൽ അമേരിക്കയിലെ എല്ലാ സംസ്‌ഥാനങ്ങളിൽനിന്നുമുള്ള സാമൂഹ്യ പ്രവർത്തകർ, Social Workers, മെഡിക്കൽ സേവന രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു. പ്രതിമാസം ഏകദേശം അറുപത്തിനാലായിരം ഡോളറോളം ചെലവിൽ, ആറുമാസക്കാലം എങ്കിലും ഇദ്ദേഹത്തിന് വിദഗ്ധ പരിചരണം ആവശ്യമാണന്നു ആശുപത്രി അധികൃതർ കരുതുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു. തങ്ങളുടെ ഇപ്പോഴത്തെ അവസ്‌ഥയിൽ സഹായിക്കുവാനായി ഫോമാ യുടെ നേതൃത്വത്തിൽ മുന്നോട്ടു വന്ന എല്ലാവർക്കും കുടുംബാംഗങ്ങൾ നന്ദി പറഞ്ഞു. ചടങ്ങിൽ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി, ജിബി തോമസ് എന്നിവർ സാന്ത്വനത്തിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ഫോമാ വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കൽ, ജോയിന്റ് സെക്രട്ടറി, വിനോദ് കൊണ്ടൂർ ഡേവിഡ്, ജോയിന്റ് ട്രഷറർ ജോമോൻ കുളപ്പുരക്കൽ, വിവിധ മേഖലാ വൈസ് പ്രെസിഡന്റുമാർ, സംഘടനാ നേതാക്കൾ തുടങ്ങിയർ ചർച്ചകൾക്ക് നേതൃത്വം കൊടുത്തു.

ചികിത്സക്ക് ആവശ്യമായ തുക സംഭരിക്കാനായി അമേരിക്കയിലുള്ള വിവിധ ഇന്ത്യൻ സംഘടനകളെ സമീപിക്കുക, ഫീസ് ഈടാക്കാതെ ചികിത്സിക്കാൻ തയാറുള്ള ഫിസിക്കൽ തെറാപ്പി വിദഗ്ധരെ കണ്ടെത്തുക, സർക്കാർ വഴിയോ മറ്റ് ഏജൻസികൾ വഴിയോ കുറഞ്ഞ ചെലവിലോ, ചാരിറ്റി സംവിധാനത്തിലോ ഉള്ള ചികിത്സാ സൗകര്യങ്ങൾ അന്വേഷിക്കുക തുടങ്ങിയ തീരുമാനങ്ങൾ തദവസരത്തിൽ എടുത്തു. ഈ ആവശ്യത്തിലേക്കായി ഉപകാരപ്രദങ്ങളായ ആശയങ്ങളോ അഭിപ്രായങ്ങളോ ഉള്ളവർ ഫോമാ അധികൃതരുമായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.