ട്രംപ് മോശം പ്രസിഡന്റാകുകയില്ല: വെനിസ്യൂലിയൻ പ്രസിഡന്റ്
Wednesday, January 18, 2017 6:27 AM IST
വാഷിംഗ്ടൺ: സത്യപ്രതിജ്‌ഞക്ക് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡൊണൾഡ് ട്രംപിന് വെനിസ്യൂലിയൻ പ്രസിഡന്റ് നിക്കൊളസ് മഡുരൊയുടെ അപ്രതീക്ഷിത അഭിനന്ദനം.

ജനുവരി 16നാണ് വെനിസ്യൂലിയൻ പ്രസിഡന്റ് നിയുക്‌ത അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഭരണകൂടത്തെ അഭിനന്ദിച്ചുകൊണ്ട് പ്രസ്താവന നടത്തിയത്. ഇരുരാജ്യങ്ങളുമായുള്ള ബന്ധം ട്രംപിന്റെ ഭരണത്തിൽ ശക്‌തിപ്പെടുമെന്ന് നിക്കൊളസ് പ്രത്യാശ പ്രകടിപ്പിച്ചു. ഒബാമയുടെ ഭരണത്തിൽ പല തവണ തന്നെ അട്ടിമറിക്കുവാൻ പദ്ധതികൾ തയാറാക്കിയതായി പ്രസിഡന്റ് കുറ്റപ്പെടുത്തി. അധികാരത്തിലെത്തിയ ആദ്യ കാലഘട്ടത്തിൽ ലാറ്റിൻ അമേരിക്കയിലെ ഇടതുപക്ഷ നേതാക്കൾ ഒബാമയെ ആവേശത്തോടെ സ്വീകരിച്ചിരുന്നുവെങ്കിലും തുടർന്ന് സ്വീകരിച്ച അപകടകരമായ പല തീരുമാനങ്ങളും ലാറ്റിനമേരിക്കൻ രാഷ്ര്‌ടങ്ങളുടെ അപ്രീതിക്കു കാരണമായി.

ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിൽ നിക്കൊളൊസുമായി ശക്‌തമായ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തിരുന്നുവെങ്കിലും ടംപിന്റെ ഭരണം ഒബാമയുടേതിനേക്കാൾ മെച്ചപ്പെടുമെന്നുതന്നെയാണ് വിശ്വസിക്കുന്നതെന്നും വെനിസ്യൂലിയൻ പ്രസിഡന്റ് പറഞ്ഞു. ട്രംപിന്റെ ഭരണകാലം ലോകത്തിൽ പല പ്രധാനപ്പെട്ട മാറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുമെന്നും നിക്കൊളസ് കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ