എംജിഒസിഎസ്എം വാർഷിക പ്ലാനിംഗ് മീറ്റിംഗ്
Thursday, January 19, 2017 1:59 AM IST
ന്യൂജഴ്സി: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രിസ്ത്യൻ സ്റ്റുഡന്റ് മൂവ്മെന്റ് (എംജിഒസിഎസ്എം)കൗൺസിൽ, പുതിയ പ്രവർത്തന വർഷത്തെ പദ്ധതികൾ പ്ലാൻ ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമായി ജനുവരി 6 –8 തീയതികളിൽ യോഗം ചേർന്നു. എം ജിഒസിഎസ്എം പ്രസിഡന്റും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്തയുമായ സഖറിയാ മാർ നിക്കോളോവോസിന്റെയും വൈസ് പ്രസിഡന്റ് ഫാ. അജു മാത്യൂസിന്റെയും നേതൃത്വത്തിലുള്ള കൗൺസിൽ പുതിയ പ്രവർത്തനവർഷത്തേക്കുള്ള പദ്ധതികൾ ആവിഷ്കരിച്ചു.

യുവാക്കളെ ആരാധന, പഠനം, സേവനം എന്നീ ലക്ഷ്യങ്ങളിൽ ഉറപ്പിച്ചുനിർത്തുന്നതിന് സഹായിക്കുന്ന കോൺഫറൻസുകൾ, ക്യാമ്പുകൾ, നേതൃത്വ പരിശീലന പ്രവർത്തനങ്ങൾ എന്നിവ കൗൺസിൽ പ്ലാൻ ചെയ്തു. ഓരോ പ്രദേശത്തെയും കൗൺസിൽ അംഗങ്ങൾ, യുവജനസമൂഹത്തിന്റെ ആധ്യാൽമികതയെയും നേതൃശേഷിയെയും വളർത്തുന്നതിനും അവർക്ക് വഴികാട്ടുന്നതിനുമായി ബൈബിൾ ക്ലാസുകളും ഫെലോഷിപ്പുകളും വർക് ഷോപ്പുകളും ധ്യാനങ്ങളും ആവിഷ്കരിക്കേണ്ടതിന്റെ പ്രാധാന്യം യോഗം ചൂണ്ടിക്കാട്ടി.

സ്വന്തമായി ഭദ്രാസന റിട്രീറ്റ് സെന്റർ ലഭിക്കുന്നതിനെ എംജിഒസിഎസ്എം കൗൺസിൽ, ഏറെ പ്രതീക്ഷയോടെയാണ് വിലയിരുത്തിയത്. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെങ്ങും യൂത്ത് മിനിസ്ട്രിയുടെ സേവനം ലഭ്യമാക്കുന്നതിന് ഹോളി ട്രാൻസ്ഫിഗറേഷൻ സെന്റർ പ്രയോജനപ്പെടുമെന്ന് യോഗം വിലയിരുത്തി.



താമസിച്ചുള്ള ധ്യാനങ്ങളിലൂടെയും മറ്റും യുവജനങ്ങളുടെ ജീവിതത്തിൽ വൻ വിജയമുണ്ടാക്കുന്നതിന് എം ജി ഒ സി എസ് എം ന്റെ പ്രവർത്തനങ്ങൾ പ്രയോജനപ്പെട്ടിട്ടുണ്ട്. വർഷം തോറും നടത്തപ്പെടുന്ന വാർഷിക നേതൃത്വപരിശീലന ക്യാമ്പുകളാണ് ഇത്തരത്തിൽ എടുത്തുപറയേണ്ട ക്യാമ്പുകളിലൊന്ന്. മലങ്കര ഓർത്തഡോക്സ് സഭയിലെ വരും തലമുറയെ ആധ്യാത്മികമായി നയിക്കുന്നതിനുള്ള ഈ ക്യാമ്പുകളിൽ അമേരിക്കയിലും കാനഡയിലും നിന്നുമായി 120– ഓളം യുവജനങ്ങൾ വർഷം തോറും പങ്കെടുക്കുക പതിവാണ്.

ന്യൂജഴ്സിയിലാണ് ഇത്തവണത്തെ ക്യാമ്പ് നടക്കുക. ന്യൂജേഴ്സി ലീഡർഷിപ്പ് ക്യാമ്പ് (എൻജെഎൽസി) കമ്മിറ്റി ഈ വർഷത്തെ കൗൺസിൽ വീക്കെൻഡിനോടനുബന്ധിച്ച് ചേർന്ന യോഗത്തിൽ 2017 ജൂലൈ 26 ബുധനാഴ്ച മുതൽ 29 ശനിയാഴ്ച വരെ നടക്കുന്ന ക്യാമ്പിനെകുറിച്ചുള്ള പദ്ധതികൾ ആവിഷ്കരിച്ചു.
സമ്മേളന സ്‌ഥലം, ഫണ്ട്റെയ്സിംഗ്, കരിക്കുലം, പബ്ലിസിറ്റി, ട്രാൻസ്പോർട്ടേഷൻ, രജിസ്ട്രേഷൻ തുടങ്ങിയവ കമ്മിറ്റി ചർച്ചചെയ്തു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കൗൺസിൽ, എന്നിവരുടെ നേതൃത്വത്തിൽ എൻജെഎൽസി ക്യാമ്പ് കമ്മിറ്റി അംഗങ്ങൾ, വരുന്ന നേതൃത്വപരിശീലന ക്യാമ്പിനെ കുറിച്ചുള്ള കാര്യങ്ങൾ ആവിഷ്കരിച്ചു. ഇത്തരം ക്യാമ്പുകളിൽ പങ്കെടുക്കുന്നത് യുവജനങ്ങളുടെ ആധ്യാത്മിക വളർച്ച സാധ്യമാക്കുന്നതിനൊപ്പം പഠനസ്‌ഥലത്തും ജോലി സ്‌ഥലത്തുമൊക്കെ നേതൃശേഷി പ്രകടിപ്പിക്കുന്നതിനും സമുദായത്തിനും മറ്റുള്ളവർക്കും പ്രയോജനമുള്ള നേതാക്കളായി വളരുന്നതിനും സഹായകമാകുമെന്ന് യോഗം വിലയിരുത്തി.

റിപ്പോർട്ട്: ജോർജ് തുമ്പയിൽ