ഡാളസിൽ പോലീസ് ഓഫീസർ വെടിയേറ്റു മരിച്ചു
Thursday, January 19, 2017 7:36 AM IST
ഡാളസ്: ലിറ്റിൽ ഈലം പോലീസ് ഓഫീസർ ജെറി വോക്കർ (48) തോക്ക് ധാരിയുടെ വെടിയേറ്റ് മരിച്ചു.

ജനുവരി 17ന് ഉച്ചകഴിഞ്ഞാണ് സംഭവം. ടർട്ടിൽ കോവ് ഡ്രൈവിനു സമീപം ഒരാൾ തോക്കുമായി നിൽക്കുന്നതായി സന്ദേശം ലഭിച്ചതിനെ തുടർന്നണ് ജെറിയും സംഘവും എത്തി ചേർന്നത്. പോലീസിനെ കണ്ടയുടൻ വീടിന്‍റെ ബാക്ക്യാർഡിൽ നിന്നിരുന്ന തോക്കുധാരി വീടിനകത്തേയ്ക്ക് പ്രവേശിച്ചു. തുടർന്ന് കീഴടങ്ങുവാൻ ആവശ്യപ്പെടുന്നതിനിടെ തോക്കുധാരി പുറത്തേയ്ക്ക് നിറയൊഴിക്കുകയായിരുന്നു.

നെഞ്ചിന് മുകളിൽ വെടിയേറ്റ വോക്കറെ ഉടൻതന്നെ ഹെലികോപ്റ്ററിൽ ഡന്‍റൽ റീജണൽ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രാത്രി വൈകിയും കീഴടങ്ങാൻ തയാറാകാതിരുന്ന പ്രതിയെ പിടി കൂടുന്നതിന് ഗാരേജിലൂടെ അകത്ത് പ്രവേശിച്ച പോലീസ്, തോക്ക് ധാരിയുടെ മൃതദേഹമാണ് പുറത്തെടുത്തത്.

പ്രതി എങ്ങനെ മരിച്ചു എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. പോലീസ് ഫോഴ്സിൽ 18 വർഷം സർവീസുള്ള ജെറി 2013 ലാണ് ഡിറ്റക്ടീവീയി പ്രമോട്ട് ചെയ്യപ്പെട്ടത്. ജൂലൈ ഏഴിന് ഡാളസ് ഡൗണ്‍ ടൗണിൽ പോലീസിനുനേരെ നടന്നവെടിവയ്പിനുശേഷം ആദ്യമായാണ് ഡ്യൂട്ടിക്കിടയിൽ പോലീസ് കൊല്ലപ്പെടുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ