ശിക്ഷാ കാലാവധിയിൽ ഇളവുനൽകി ഒബാമ റിക്കാർഡിട്ടു
Thursday, January 19, 2017 7:38 AM IST
ഹൂസ്റ്റണ്‍: ഭരണം അവസാനിക്കുന്നതിന് ഏതാനും മണിക്കൂറുകൾ അവശേഷിക്കെ ജയിൽ മോചനവും ശിക്ഷാ കാലാവധിയിൽ ഇളവും നൽകുന്നതിൽ ഒബാമ സർവകാല റിക്കാർഡിട്ടു.

ജനുവരി 17ന് 209 തടവുകാരുടെ ശിക്ഷാ കാലാവധി കുറച്ചും 64 പേർക്ക് ക്ഷമാപണവും നൽകിയാണ് ഒബാമ സർവകാല റിക്കാർഡിലേക്ക് കടന്നത്. ബുധനാഴ്ച പ്രഖ്യാപിച്ച ലിസ്റ്റിന്‍റെ ആനുകൂല്യം ലഭിച്ചവരിൽ ഹൂസ്റ്റണിൽനിന്നുള്ള ആറുപേരും ഉൾപ്പെടുന്നു. മയക്കുമരുന്നു കേസുകളിലും ടാക്സിൽ കൃത്രിമം നടത്തിയതിനും അനുഭവിക്കുന്നവർക്കാണ് ശിക്ഷാകാലാവധിയിൽ ഇളവും മോചനവും ലഭിച്ചത്.

അമേരിക്കയുടെ ചരിത്രത്തിൽ മറ്റൊരു പ്രസിഡന്‍റിനും അവകാശപ്പെടാനില്ലാത്ത ഉത്തരവിലൂടെ ഒബാമ ഇതുവരെ 1385 കുറ്റവാളികൾക്കാണ് ശിക്ഷായിളവ് നൽകിയത്. ഇതിൽ 504 പേർ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരുന്നവരായിരുന്നു. ഇതു കൂടാതെ 212 പേർക്ക് ജയിൽ മോചനവും നൽകി.

മുന്പ് അധികാരത്തിലിരുന്ന പന്ത്രണ്ട് പ്രസിഡന്‍റുമാർ ആകെ നൽകിയതിനേക്കാൾ അധികമാണ് ഒബാമയുടെ എട്ടുവർഷത്തെ ഭരണത്തിനുള്ളിൽ ആനുകൂല്യം ലഭിച്ചത്.
അവസാന നിമിഷം എടുത്ത വിവാദ തീരുമാനങ്ങളെ ഡമോക്രാറ്റിക് പാർട്ടി അംഗങ്ങളിൽ തന്നെ പലരും എതിർപ്പു പ്രകടിപ്പിച്ചിരുന്നു. അതേസമയം തന്‍റെ തീരുമാനത്തെ ന്യായീകരിച്ച ഒബാമ, പ്രസിഡന്‍റ് പദവിയിലിരിക്കെ താൻ എടുത്ത എല്ലാ തീരുമാനങ്ങളും ശരിയാണന്നാണ് വിമർശനങ്ങളോട് പ്രതികരിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ