ഹില്ലരിക്കും കൂട്ടർക്കും ഒബാമ മാപ്പുനൽകേണ്ടതായിരുന്നു: മുൻ യുഎസ് അറ്റോർണി
Friday, January 20, 2017 5:12 AM IST
ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കുറ്റവാളികൾക്ക് മാപ്പു നൽകിയ പ്രസിഡന്‍റ് ബറാക് ഒബാമ, അധികാരം വിട്ടൊഴിയുന്നതിനു മുന്പ് ഹില്ലരിക്കും കൂട്ടർക്കും മാപ്പു നൽകേണ്ടതായിരുന്നുവെന്ന് മുൻ അസിസ്റ്റന്‍റ് യുഎസ് അറ്റോർണി റോബർട്ട് ബഗ്ലിറ്റർ അഭിപ്രായപ്പെട്ടു.

അന്വേഷണത്തിന്‍റെ നിഴലിൽ കഴിയുന്ന ഹില്ലരിയുടെ ഭാവിയെ കുറിച്ചു പ്രവചിക്കുക അസാധ്യമാണെന്നും പ്രൈവറ്റ് ഇമെയിൽ സെർവർ ഉപയോഗത്തെ കുറിച്ചുള്ള അന്വേഷണം മുന്പോട്ട കൊണ്ടു പോകാൻ താത്പര്യമില്ലെന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിൽ വലിയൊരു വിഭാഗത്തിന്‍റെ പിന്തുണ നേടിയെടുക്കുവാൻ കഴിഞ്ഞത് ഹില്ലരിയെ ജയിലിലടക്കും എന്ന ട്രംപ് നടത്തിയ പ്രസ്താവനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹില്ലരി അഭിമുഖീകരിക്കുന്ന കേസിന്‍റെ പ്രാധാന്യത്തെ കുറിച്ചു ഒബാമക്ക് ബോധ്യപ്പെട്ടിരുന്നുവെങ്കിൽ ഹില്ലരിയെ മാപ്പു നൽകി കേസിൽ നിന്നും ഒഴിവാക്കുമായിരുന്നുവെന്ന് ഫിനാഷ്യൽ കോളമിനിസ്റ്റായ ജോണ്‍ ക്രൂസെലി പറഞ്ഞു.

ഹില്ലരിയെ വ്യക്തിപരമായി ഒബാമ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ഇമെയിൽ വിവാദം ഒബാമയെ ഒരു പ്രത്യേക സാഹചര്യത്തിലേക്ക് നയിക്കുകയായിരുന്നുവെന്നും അഭിപ്രായമുണ്ട്. ഹില്ലരിയുടെ ഭാവി എന്തായിരിക്കുമെന്ന് വരും നാളുകളിൽ ട്രംപ് സ്വീകരിക്കുന്ന നിലപാടുകളെ ആശ്രയിച്ചായിരിക്കും.

റിപ്പോർട്ട്: പി.പി. ചെറിയാൻ