സാധുജന സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിക്ക് തുടക്കം കുറിച്ചു
Saturday, January 21, 2017 10:11 AM IST
ഡാളസ്: സെന്‍റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്‍റെ ആഭിമുഖ്യത്തിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്നു. ഹൃദയ ശസ്ത്രക്രിയ ആവശ്യമായി വന്നിട്ടും സാന്പത്തിക ക്ലേശം മൂലം അത് സാധിക്കാതെ ജീവിതം വഴിമുട്ടിയവർക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നൽകി അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സാധുജന സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിക്ക് ഇടവക തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനോടകം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ജാതിമതഭേദമെന്യേ അർഹരായ മൂന്നുപേരെ തിരഞ്ഞെടുത്ത് സൗജന്യ ഹൃദയ ശസ്ത്രക്രിയ പൂർത്തീകരിച്ചുകഴിഞ്ഞു.

അമേരിക്കൻ അതിഭദ്രാസനത്തിലെ ഏറ്റവും വലിയ ഇടവകകളിലൊന്നായ ഈ ദേവാലയം കഴിഞ്ഞ 30 വർഷത്തിലധികമായി അഗതികളെ സഹായിക്കുക, വേദനിക്കുന്നവരെ സമാശ്വസിപ്പിക്കുക എന്ന ക്രൈസ്തവ ദൗത്യത്തെ മുൻനിറുത്തി വരുമാനത്തിന്‍റെ ഗണ്യമായ ഒരു ഭാഗം വൈദ്യസഹായം, വിദ്യാഭ്യാസ സഹായം തുടങ്ങി വിവിധങ്ങളായ ജനക്ഷേമ പദ്ധതികൾക്കായി വിനിയോഗിച്ചുവരുന്നു. കഴിഞ്ഞ വർഷം ഇടവകാംഗങ്ങളായ ഡോക്ടർമാർ, മെഡിക്കൽ വിദ്യാർഥികൾ തുടങ്ങിയവരടങ്ങുന്ന സന്നദ്ധസംഘം, പ്രാഥമിക വൈദ്യസഹായം പോലും ലഭ്യമല്ലാത്ത ഗ്വാട്ടിമാലയിലെ ഉൾപ്രദേശങ്ങളിൽ ഒരാഴ്ചയോളം നീണ്ടുനിന്ന മെഡിക്കൽ ക്യാന്പുകൾ വഴി സൗജന്യ വൈദ്യപരിശോധനയും അവശ്യമരുന്ന് വിതരണവും നടത്തുകയുണ്ടായി. വർഷത്തിൽ നിരവധി തവണ ഇടവകയിലെ സണ്‍ഡേ സ്കൂൾ കുട്ടികളും യുവജനങ്ങളും ഡാളസിലെ വിവിധ ചാരിറ്റി പ്രസ്ഥാനങ്ങൾ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചുവരുന്നു. കൂടാതെ മെൻസ് ഫെല്ലോഷിപ്പ്, വനിതാസമാജം തുടങ്ങിയ ആത്മീയ പ്രസ്ഥാനങ്ങളും വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇടവക വികാരി ഫാ. സാജൻ ജോണ്‍, അസിസ്റ്റന്‍റ് വികാരി റവ. ഡോ. രഞ്ജൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഇത്തരം ജനക്ഷേമ പദ്ധതികൾ ഭദ്രാസനത്തിലെ ഇതര ഇടവകകൾക്കും ഉത്തമ മാതൃകയാണെന്ന് ഇടവക മെത്രാപ്പോലീത്ത എൽദോ മാർ തീത്തോസ് അഭിപ്രായപ്പെട്ടു.

സാധുജന സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ആപ്ലിക്കേഷൻ ഫോമും www.stignatious.com എന്ന സൈറ്റിൽ ലഭ്യമാണ്. അർഹരായ രോഗികൾക്ക് പൂർത്തിയാക്കിയ ആപ്ലിക്കേഷനും അനുബന്ധ രേഖകളും [email protected] എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യാവുന്നതാണെന്ന് കത്തീഡ്രൽ സെക്രട്ടറി ബാബു കുര്യാക്കോസ് അറിയിച്ചു.
വിവരങ്ങൾക്ക്: ഫാ. വർഗീസ് പോൾ, സെസിൽ മാത്യു 12145663357.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ