ഫോമ നേതാക്കളുടെ കേരള സന്ദർശനം വൻ വിജയം
Sunday, February 19, 2017 2:32 AM IST
ന്യൂയോർക്ക്: ഫോമയുടെ സാരഥ്യം ഏറ്റെടുത്തശേഷം പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ട്രഷറർ ജോസി കുരിശിങ്കൽ എന്നിവർ ഒരുമിച്ച് നടത്തിയ പ്രഥമ കേരള സന്ദർശനം ഒരിക്കൽക്കൂടി ഫോമയുടെ യശസും പ്രവർത്തനമികവും കേരള മണ്ണിൽ ഉയർത്തിപ്പിടിക്കുന്നതായിരുന്നു. ഫോമയുടെ രൂപീകരണം മുതൽ നാളിതുവരെ സംഘടനയെ നയിച്ച മുൻകാല നേതാക്കന്മാർ അവരുടെ പ്രവർത്തനത്തിലൂടെ ആർജ്‌ജിച്ചെടുത്ത ഫോമയുടെ ഗരിമയും, പെരിമയും മലയാള നാട്ടിൽ അരക്കിട്ടുറപ്പിക്കുന്നതിനു ഈ സന്ദർശനത്തിലൂടെ സാധിച്ചു.

ജനുവരി പതിനൊന്നിനു കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചുകൊണ്ടായിരുന്നു ഫോമാ നേതാക്കന്മാരുടെ പ്രയാണം ആരംഭിച്ചത്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ, നോട്ട് നിരോധനം മൂലം അമേരിക്കൻ മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. റിസർവ് ബാങ്കിന്റെ കേരളത്തിലെ ശാഖകളിലും പഴയ നോട്ടുകൾ മാറുന്നതിനുള്ള സൗകര്യം ഏർപ്പെടുത്താൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. തീവ്രവാദികളുടെ തടങ്കലിൽ കഴിയുന്ന ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഫോമ നേതാക്കന്മാർ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

പുതുതായി രൂപീകരിക്കുന്ന പ്രവാസി പ്രോപ്പർട്ടി പ്രൊട്ടക്ഷൻ കമ്മീഷനിൽ അമേരിക്കൻ മലയാളികളുടെ പ്രതിനിധികൂടി ഉണ്ടാകണമെന്നും ബെന്നി വാച്ചിറയും, ജിബി തോമസും, ജോസി കുരിശിങ്കലും മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. ഇതു അനുഭാവപൂർവ്വം പരിഹരിക്കാമെന്നു മുഖ്യമന്ത്രു ഉറപ്പുനൽകി. പത്തനംതിട്ട ജില്ല കേന്ദ്രീകരിച്ച് പുതുതായി ഉണ്ടാകാൻ പോകുന്ന എയർപോർട്ടിനു ഫോമ നേതാക്കൾ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ഫോമയുടെ കേരള കൺവൻഷനിലേക്ക് മുഖ്യമന്ത്രിയെ ഫോമ നേതാക്കൾ ക്ഷണിക്കുകയും ചെയ്തു. അമേരിക്കൻ മലയാളികളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രി വളരെ ശ്രദ്ധാപൂർവ്വം ശ്രവിക്കുകയും, കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തതായി ബെന്നി വാച്ചാച്ചിറയും ജിബി തോമസും അറിയിച്ചു.



മുഖ്യമന്ത്രിയെ സന്ദർശിച്ചതിനുശേഷം ഫോമ നേതാക്കൾ എ.കെ.ജി സെന്ററിൽ എത്തി സി.പി.എം സംസ്‌ഥാന സെക്രട്ടറി കൊടിയേരി ബാലൃഷ്ണനേയും കണ്ട് ചർച്ചകൾ നടത്തി. അദ്ദേഹത്തേയും കേരള കൺവൻഷനിലേക്ക് ക്ഷണിച്ചു. ചർച്ചകളിൽ എം.എൽ.എമാരായ രാജു ഏബ്രഹാം, വീണ ജോർജ്, എ.എൻ. ഷംസീർ, എം.വി. ജയരാജൻ, കോവൂർ കുഞ്ഞുമോൻ തുടങ്ങിയവരും സംബന്ധിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും നേതാക്കൾ സന്ദർശിച്ച് സൗഹൃദം പുതുക്കി. ഫോമയ്ക്ക് ഉമ്മൻചാണ്ടി നല്കിയിട്ടുള്ള സഹായ സഹകരണങ്ങൾക്ക് നന്ദി അറിയിച്ചു. അദ്ദേഹത്തേയും ഫോമ കൺവൻഷനിലേക്ക് ക്ഷണിച്ചു.

ധനകാര്യമന്ത്രി തോമസ് ഐസക്കിനെ സന്ദർശിച്ച് നോട്ട് നിരോധനത്തെ തുടർന്ന് അമേരിക്കൻ മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ മുമ്പാകെ അവതരിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ ഇക്കാര്യങ്ങൾ കൊണ്ടുവരാമെന്നു ധനമന്ത്രി നേതാക്കളെ അറിയിച്ചു.

നോർക്ക സെക്രട്ടറി ഷീല തോമസുമായി നടത്തിയ ചർച്ചയിൽ അമേരിക്കൻ മലയാളികളുടെ വിവിധ പ്രശ്നങ്ങൾ വിശദീകരിക്കാൻ കഴിഞ്ഞതായി ബെന്നിയും ജിബിയും ജോസിയും പറഞ്ഞു. കൂടാതെ മദ്ധ്യമേഖലാ ഐജി പി. വിജയൻ ഐപിഎസ്, സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി അനുപമ ഐഎഎസ്, സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് എം.എൻ വെങ്കിട ചെല്ലയ്യ എന്നിവരുമായും ഫോമ നേതാക്കൾ ആശയവിനിമയം നടത്തി.

തിരുവല്ലയിൽ സംഘടിപ്പിച്ച ജനകീയ പുഷ്പമേളയിൽ ആന്റോ ആന്റണി എം.പിയുടെ ക്ഷണപ്രകാരം ബെന്നി വാച്ചാച്ചിറയും, ജിബി തോമസും സംബന്ധിക്കുകയും ആശംസകൾ നേരുകയും ചെയ്തു. ഫോമാ മുൻ റീജണൽ പ്രസിഡന്റ് ബിജു ഉമ്മനും ചടങ്ങിൽ സംബന്ധിച്ചു.

തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ നേതാക്കൾ സന്ദർശിക്കുകയും ‘ഫോമ’ അമേരിക്കൻ മലയാളികളുടെ സഹകരണത്തേടെ കുട്ടികളുടെ കാൻസർ വാർഡിൽ പണിതു നൽകിയ പുതിയ ബ്ലോക്കിന്റെ പ്രവർത്തനങ്ങൾ വീക്ഷിക്കുകയും ചെയ്തു. ആർ.സി.സി ഡയറക്ടർ ഡോ. പോൾ സഖറിയ, പീഡിയാട്രിക് ഓങ്കോളജി വിഭാഗം മേധാവി ഡോ. കുസുമം കുമാരി എന്നിവരുമായി നേതാക്കൾ ചർച്ച നടത്തുകയും, തുടർന്നും ഫോമയുടെ സഹായ സഹകരണങ്ങൾക്ക് ആർ.സി.സിക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഏഷ്യാനെറ്റ് ഓഫീസ് സന്ദർശിക്കുകയും ന്യൂസ് എഡിറ്റർ എം.ജി രാധാകൃഷ്ണൻ, ഡയറക്ടർ ഫ്രാങ്ക് തോമസ്, വിനു വി. ജോൺ, അനിൽ അടൂർ എന്നിവരുമായി ഫോമ നേതാക്കൾ സംഭാഷണം നടത്തുകയും ചെയ്തു.

വിവിധ സന്ദർശനങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ നൽകിയ ‘ഫോമ കേരള നെറ്റ് വർക്ക്’ നേതാക്കളായ പ്രസ് അക്കാഡമി ചെയർമാൻ ആർ.എസ് ബാബു, എം.ബി രാജേഷ് എം.പി, മോൻസ് ജോസഫ് എം.എൽ.എ, വി.ആർ. സുനിൽകുമാർ എം.എൽ.എ, അഡ്വ. വർഗീസ് മാമ്മൻ, അനീഷ് ആന്റണി, ബോബി ജോൺ, ജമാൽ മണക്കാട്, ആന്റണി ജോസഫ്, സുനു ഏബ്രഹാം, സുനിൽ ജേക്കബ്, ടോം അക്കരക്കുളം, രാജേഷ് ജോസ്, സുമേഷ് അച്യുതൻ, ടി.വി. രാജേഷ് എന്നിവരോടുള്ള നന്ദി ബെന്നി വാച്ചാച്ചിറയും ജിബി തോമസും അറിയിച്ചു.

റിപ്പോർട്ട്: ഷോളി കുമ്പിളുവേലി