പാർശ്വവൽക്കരിക്കപ്പെട്ടവരോട് മുത്തോലത്തച്ചൻ കാണിക്കുന്നത് അനുകരണീയ മാതൃക: മാർ ജോർജ് ആലഞ്ചേരി
Sunday, February 19, 2017 2:32 AM IST
ഷിക്കാഗോ: ലളിത ജീവിതത്തിലൂടെയും കഠിനപ്രയത്നത്തിലൂടെയും സമ്പാദിച്ച പണത്തെ അബ്രഹാം മുത്തോലത്തച്ചൻ ഉന്നതമായ മനുഷ്യസ്നേഹത്തെ പ്രതി ചെലവഴിക്കുന്നത് അനുകരിക്കേണ്ട ഉദാത്ത മാതൃകയാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി. പങ്കുവയ്ക്കലിന്റേയും സ്നേഹത്തിന്റേയും ആഴപ്പെട്ട, സമാനകളില്ലാത്ത ത്യാഗമാണ് അച്ചന്റെ പ്രവർത്തനം. അന്ധബധിർക്കും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പരിശീലനവും പുനരധിവാസവും നൽകുന്നതിനും അതിന്റെ സാമ്പത്തിക സുസ്‌ഥിരത ഉറപ്പാക്കുന്നതിനും മുത്തോലത്തച്ചൻ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിക്ക് നിർമ്മിച്ച് നൽകിയ ഓഡിറ്റോറിയത്തിന്റ വെഞ്ചിരിപ്പിനെ തുടർന്നു കോട്ടയം ചേർപ്പുങ്കലിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം സമ്പാദ്യം മുഴുവൻ ചെലവഴിച്ച് മുത്തോലത്തച്ചൻ നിർമ്മിച്ച അഗാപ്പെ സെന്ററും സമിരിറ്റൻ സെന്ററും ഓഡിറ്റോറിയവും സ്‌ഥിതിചെയുന്ന കാമ്പസിന് മുത്തോലത്ത് നഗർ എന്ന് പേരിടാനും അദ്ദേഹം നിർദേശിച്ചു. കോട്ടയം രൂപത നടപ്പാക്കുന്ന ഇത്തരം നിരവധി സാമൂഹ്യ പ്രവർത്തനങ്ങളെ ആലഞ്ചേരി പിതാവ് പ്രശംസിച്ചു.



കോട്ടയം അതിരൂപതാ മെത്രാപോലീത്തയും കെഎസ്എസ്എസ് രക്ഷാധികാരിയുമായ മാർ മാത്യു മൂലക്കാട്ട് സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ചു. മുത്തോലത്തച്ചന്റെ പ്രവർത്തനങ്ങൾക്ക് കോട്ടയം അതിരൂപതയുടെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. മൂല്യങ്ങളിലും ദൈവസ്നേഹത്തിലും ആഴപ്പെടുന്ന സാമൂഹ്യ പ്രവർത്തനങ്ങൾക്ക് കോട്ടയം രൂപത എന്നും മുൻപന്തിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിവസവും 20 മണിക്കൂറിലേറെ ജോലിചെയ്യുന്ന മുത്തോലത്തച്ചന്റെ ഹൃദയത്തിൽ നിന്നും വരുന്ന ഇത്തരം കാരുണ്യ പ്രവർത്തനങ്ങളേയും അച്ചനെയും ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ എന്ന് മിയാവ് രൂപത ബിഷപ്പ് മാർ. ജോർജ്‌ജ് പള്ളിപ്പറമ്പിൽ പറഞ്ഞു. ഭിന്നശേഷിയുള്ള മുന്നൂറിലധികം പേർക്ക് ഇവിടെ സേവനങ്ങൾ നൽകുന്നു.

സമ്മേളനത്തിൽ മോൻസ് ജോസഫ് എംഎൽഎ, കോട്ടയം രൂപതാ വികാരി ജനറാളും കെഎസ്എസ്എസ് പ്രസിഡന്റുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. എബ്രഹാം മുത്തോലത്ത്, കിടങ്ങുർ സെന്റ് മേരീസ് ചർച്ച് വികാരി ഫാ. മൈക്കിൾ എൻ.ഐ , കിടങ്ങുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി എബ്രഹാം, കെ.എസ്.എസ്.എസ് സെക്രെട്ടറി ഫാ. ബിൻസ് ചേത്തലിൽ, സമരിറ്റൻ സെന്റർ ജോയിന്റ് ഡയറക്ടർ ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. സമരിറ്റൻ സെന്ററിലെ അംഗങ്ങൾ തങ്ങളുടെ കഴിവുകൾക്കുപരിയായി അവതരിപ്പിച്ച നിരവധി അഭ്യുദയകാംക്ഷികൾ എന്നിവരുടെ നിറസന്നിധ്യംകൊണ്ട് അനുഗ്രഹപൂരിതമായി.

റിപ്പോർട്ട്: ബിനോയി കിഴക്കനടി