ന്യൂജേഴ്സിയിൽ ഇന്ത്യൻ ഡോക്ടർമാരുടെ വാർഷിക സമ്മേളനം ജൂണ്‍ 21ന്
Tuesday, February 21, 2017 7:43 AM IST
ന്യൂജേഴ്സി: ഇന്ത്യൻ ഒറിജൻ അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസിന്‍റെ മുപ്പത്തഞ്ചാമത് വാർഷിക കണ്‍വൻഷൻ ജൂണ്‍ 21 മുതൽ 25 വരെ ന്യൂജേഴ്സിയിലെ അറ്റ്ലാന്‍റിക് സിറ്റിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സംഘടനയുടെ ന്യൂയോർക്ക് ചാപ്റ്ററാണ് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്, മുതിർന്ന ലോക നേതാക്കൾ, യുഎസ് സെനറ്റ് അംഗങ്ങൾ, ഗവർണർമാർ തുടങ്ങിയവരെ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരുന്നതായി ഭാരവാഹികൾ അറിയിച്ചു.

ആരോഗ്യ സംരക്ഷണരംഗം ഇന്നഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്ത് പരിഹാരമാർഗങ്ങൾ കണ്ടെത്തണമെന്നും ആധുനിക ചികിത്സാ രീതികളെ കുറിച്ചുള്ള ബോധവത്കരണം നടത്തുമെന്നും കണ്‍വൻഷൻ ചെയർ ഡോ.രാജ് ബയ്യാനി പറഞ്ഞു. അമേരിക്കയിലെ ഇന്ത്യൻ വംശജരായ എല്ലാ ഡോക്ടർമാരും സമ്മേളനത്തിൽ പങ്കെടുക്കണമെന്നും രജിസ്ട്രേഷൻ എത്രയും വേഗം പൂർത്തിയാക്കണമെന്നും ചെയർ അഭ്യർഥിച്ചു. വിവരങ്ങൾക്ക് www.aapiconvention.org, www. aapiusa.org

റിപ്പോർട്ട്: പി.പി. ചെറിയാൻ