കേരളാ ക്രിസ്ത്യൻ അഡൾട്ട് ഹോമിന്റെ ദേവാലയ പ്രതിഷ്ഠ ടെക്സസിൽ നടന്നു
Wednesday, February 22, 2017 4:05 AM IST
ടെക്സസ്: കേരളാ ക്രിസ്ത്യൻ അഡൾട്ട് ഹോമിന്റെ ആഭിമുഖ്യത്തിൽ സ്‌ഥാപിതമായ (സെന്റ് തോമസ് യുണൈറ്റഡ് ചർച്ച് ഓഫ് റോയ്സ് സിറ്റി) ചാപ്പലിന്റെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 12–നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു നടത്തുകയുണ്ടായി.

കെസിഎഎച്ചിന്റേയും, സെന്റ് തോമസ് യുണൈറ്റഡ് ചർച്ചിന്റേയും പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന വെരി റവ.ഫാ. വർഗീസ് പുത്തൂർക്കുടിലിൽ കോർഎപ്പിസ്കോപ്പ അധ്യക്ഷതവഹിച്ചു. ക്ഷണിക്കപ്പെട്ട അതിഥികളെ ദേവാലയ പ്രതിഷ്ഠാ ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്ത റവ.ഫാ. ഡോ. പി.പി. ഫിലിപ്പ് (വൈസ് പ്രസിഡന്റ്) തന്റെ സ്വാഗത പ്രസംഗം നടത്തി.

പിന്നീട് അധ്യക്ഷ പ്രസംഗം നടത്തിയ വെരി റവ,ഫാ വർഗീസ് പുത്തൂർക്കുടിലിൽ അച്ചൻ ‘ഇതാ സഹോദരന്മാർ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര മനോഹരമാകുന്നു’ (സങ്കീ 133:1) എന്ന വാക്യം ഉദ്ധരിച്ചുകൊണ്ട് പ്രസംഗിച്ചതോടൊപ്പം, കെ.സി.എ.എച്ചിന്റെ ഇന്നേവരെയുള്ള പ്രവർത്തനങ്ങളെപ്പറ്റിയും, ഇങ്ങനെയൊരു പ്രസ്‌ഥാനം തുടങ്ങുവാനുള്ള ഉദ്ധേശശുദ്ധിയെപ്പറ്റിയും വിവരിച്ചു.

വേദിയിൽ ഉപവിഷ്ഠരായിരുന്ന വിവിധ സഭാ പുരോഹിതന്മാരേയും, ഈ മഹനീയ ശുശ്രൂഷയിൽ പങ്കെടുക്കാൻ കടന്നുവന്ന മാന്യ വ്യക്‌തികളേയും സാക്ഷിയാക്കി റവ.മാത്യു ജോസഫ് അച്ചൻ ദേവാലയത്തിന്റെ പ്രതിഷ്ഠാകർമ്മം നിർവഹിച്ചു.



വിവിധ സഭാ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് റവ.ഫാ.ഡോ. രഞ്ചൻ റോയി മാത്യു, വെരി റവ. വി.എം തോമസ് കോർഎപ്പിസ്കോപ്പ, റവ.ഫാ. ഏലിയാസ് എരമത്ത്, റവ.ഫാ. പോൾ തോട്ടയ്ക്കാട്ട്, റവ. എബി ഏബ്രഹാം, റവ. സാജൻ ജോൺ, റവ. കെ.ബി. കുരുവിള, വെരി റവ. എം.എസ് ചെറിയാൻ കോർഎപ്പിസ്കോപ്പ, ഡോ. സാം, ഇവാഞ്ചലിസ്റ്റ് പി.വി. ജോൺ, പാസ്റ്റർ ജേക്കബ് വർഗീസ്, ഫിലിപ്പ് തോമസ് സി.പി.എ (ട്രഷറർ, മാർത്തോമാ ഭദ്രാസനം നോർത്ത് അമേരിക്ക – യൂറോപ്പ്) എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

മൈക്കിൾ കല്ലറയ്ക്കൽ, സജി, ഏലിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള കെസിഎഎച്ച് ക്വയർ ഗാനശുശ്രൂഷയും, വേദഭാഗ വായനയും സമ്മേളനത്തെ ഭക്‌തിസാന്ദ്രമാക്കി.

ദേവാലയ പ്രതിഷ്ഠാ ശുശ്രൂഷയിൽ പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചുകൊണ്ട് കെ.സി.എ.എച്ച് സെക്രട്ടറി ഏബ്രഹാം ജേക്കബ് നടത്തിയ പ്രസംഗത്തിൽ ചാപ്പലിന്റെ നിർമ്മാണ പ്രക്രിയയിൽ സഹകരിച്ച ഏവർക്കും, വിശിഷ്യ ഇതിനു പൂർണ്ണ ധനസഹായം ചെയ്തു സഹായിച്ച ഡോ. ജോഷി ഏബ്രഹാമിനോടും കുടുംബത്തോടുമുള്ള പ്രത്യേക നന്ദിയും കടപ്പാടും അറിയിച്ചു.

പ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം ക്ലബ് ഹൗസിൽ ഒരുക്കിയിരുന്ന സ്നേഹവിരുന്നിലും ഏവരും പങ്കുകൊണ്ടു. കെ.സി.എ.എച്ചിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: എം.സി. അലക്സാണ്ടർ (845 553 0879). സി.എസ്. ചാക്കോ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം