ന്യൂ ഓർലിയൻസിൽ പരേഡിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 28 പേർക്ക് പരിക്ക്
Sunday, February 26, 2017 12:39 AM IST
ന്യൂഓർലിയൻസ്: ന്യൂഓർലിയൻസിലെ മർഡി ഗ്രാസ് പരേഡിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ 28 പേർക്കു പരിക്കേറ്റു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പേരു വെളിപ്പെടുത്താത്ത ഒരു യുവാവ് ഓടിച്ചിരുന്ന പിക് അപ്പ് രണ്ടു കാറുകളുമായി കൂട്ടിയിടിച്ചതിനു ശേഷമാണ് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറിയത്. മൂന്നു വയസു മുതൽ നാൽപ്പതു വയസുവരെ പ്രായമുള്ളവർ പരിക്കേറ്റവരിൽ ഉൾപ്പെടുന്നതെന്നു പോലീസ് ചീഫ് മൈക്കിൾ ഹാരിസൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പരിക്കേറ്റവരിൽ ഒരു വനിതാ പോലീസ് ഓഫീസറും ഉൾപ്പെടുന്നുവെന്നു ചീഫ് പറഞ്ഞു. പരിക്കേറ്റ 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴുപേർക്ക് സംഭവസ്‌ഥലത്തുവെച്ചു പ്രഥമ ചികിത്സ നൽകി. പിക്കപ്പ് ഡ്രൈവറായ യുവാവിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു. ഇതൊരു ഭീകരാക്രമണത്തിന്റെ ഭാഗമായി കരുതുന്നില്ലെന്നു പോലീസ് ചീഫ് കൂട്ടിച്ചേർത്തു. ഈസ്റ്റേൺ സമയം രാത്രി 7.42–നായിരുന്നു സംഭവം. സംഭവസ്‌ഥലം പോലീസ് വളഞ്ഞതായും അന്വേഷണം ഊർജിതപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ