ഫിലിപ്പ് കാലായിൽ ഷിക്കാഗോയിൽ നിര്യാതനായി
Saturday, March 18, 2017 8:12 AM IST
ഷിക്കാഗോ: അമേരിക്കയിലെ ആദ്യകാല മലയാളിയും സാമൂഹ്യ പരിഷ്കർത്താവുമായ ഫിലിപ്പ് കാലായിൽ (86) ഷിക്കാഗോയിൽ നിര്യാതനായി.

സംസ്കാരം 18ന് (ശനി) രാവിലെ 10ന് ക്യൂൻ ഓഫ് ഓൾ സെയിന്‍റ്സ് ബസലിക്കകയിലെ (6380 N. Sauganash Ave, Chicago, IL 60646) ശുശ്രൂഷകൾക്കുശേഷം നൈൽസിലുള്ള മേരി ഹിൽ സെമിത്തേരിയിൽ (8600 N. Milwaukee Ave, Niiles, IL 60714).

ഭാര്യ: അന്നമ്മ കട്ടപ്പുറത്ത് കുടുംബാംഗം. മക്കൾ: ടോം, സാലു, പരേതയായ ലിസ, ഡോ. ആൻ ലത കലായിൽ. മരുമക്കൾ: ആൻസി കൂവക്കാട്ടിൽ, നാനി സോണി, ടോമി പുല്ലുകാട്ട്. കൊച്ചുമക്കൾ: ഫിൽ ആൻഡ് ജയിസി (ചാഴിക്കാട്ട്), മനോജ് ആൻഡ് മെർലിൻ, അലക്സ് ആൻഡ് ഷാരി (കൊടുവന്തറ), ആശ ആൻഡ് വിജു (പൊക്കന്താനം), സോണിയ ആൻഡ് റ്റി.ജെ ഇല്ലംപള്ളി, വിനോദ് ആൻഡ് ആൻ, സുനിൽ ആൻഡ് ആൽവീന (പുത്തൻപുരയിൽ), അജിറ്റ് ആൻഡ് ജെഡി.

കോട്ടയത്തിനടുത്ത് കീഴൂർ സ്വദേശിയായ ഇദ്ദേഹം 1956 ൽ ഉപരിപഠനാർഥം വടക്കേ അമേരിക്കയിലെത്തി. ഷിക്കാഗോയിലെ ലയോള യൂണിവേഴ്സിറ്റിയിൽ നിന്നും ഉപരിപഠനം പൂർത്തിയാക്കി. വിദ്യാഭ്യാസ കാലഘട്ടത്തിലും തുടർന്നും ന്യൂനപക്ഷ വിഭാഗങ്ങളും പാർശ്വവത്കരിക്കപ്പെട്ടവരുമായ ഏഷ്യൻ വംശജർ നേരിടുന്ന തിക്താനുഭവങ്ങൾ മനസിലാക്കുകയും അനുഭവിക്കുകയും ചെയ്ത അദ്ദേഹം ഈ വിവേചനത്തിനെതിരേ ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുമായി ചേർന്ന് തന്‍റെ സാമൂഹിക പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസ ഭവനജോലി മേഖലകളിൽ ഏഷ്യൻ വംശജർ അനുഭവിക്കുന്ന വിവേചനങ്ങൾക്കെതിരേ ശബ്ദമുയർത്തിയ അദ്ദേഹം ഷിക്കാഗോയിലെ വിവിധ സാമൂഹിക സന്നദ്ധ സംഘടനകളുടെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഇന്തോ- അമേരിക്കൻ വംശജരുടെ ഉന്നമനത്തിനായി വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം 1960ൽ ഇന്ത്യൻ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്ക എന്ന സംഘടന രൂപീകരിച്ചു. 1970ൽ സ്ഥാപിതമായ ഏഷ്യൻ ഫോറം, Asian American Coalition of America (ICAA) എന്നിവയുടെ സ്ഥാപക നേതാവായിരുന്നു. ഏഷ്യൻ കമ്യൂണിറ്റിക്ക് നൽകിയ നിസ്തുലമായ സേവനങ്ങൾ പരിഗണിച്ച് 2008ൽ അസോസിയേഷൻ ഓഫ് ഏഷ്യൻ അമേരിക്കൻ സ്റ്റഡീസ് ഓർഗനൈസേഷൻ ന്ധദി ഹാർട്ട് ഓഫ് ഏഷ്യൻ അമേരിക്കൻ കമ്യൂണിറ്റി അവാർഡ്’ നൽകി ആദരിച്ചിട്ടുണ്ട്.

സോഷ്യോളജിയിലും ഇൻഡസ്ട്രിയൽ റിലേഷനിലും മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കിയ ഫിലിപ്പ് ഷിക്കാഗോ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാത്തലിക് ചാരിറ്റീസ് ഓർഗനൈസേഷനിൽ സോഷ്യൽ വർക്കറായി ഒൗദ്യോഗിക ജീവിതം ആരംഭിക്കുകയും തുടർന്ന് ഇല്ലിനോയി സ്റ്റേറ്റിലെ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹ്യൂമൻ സർവീസിൽ (ഡിഎച്ച്എസ്) അസിസ്റ്റന്‍റ് ഡയറക്ടറായിരിക്കെ വിരമിക്കുകയും ചെയ്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം