വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ തിരുനാൾ ആഘോഷിച്ചു
Saturday, March 18, 2017 8:19 AM IST
ന്യൂയോർക്ക്: വെസ്റ്റ്ചെസ്റ്റർ ബ്രോണ്‍സ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ തിരുനാൾ ആഘോഷിച്ചു. ലദിഞ്ഞോടെ ആരംഭിച്ച തിരുക്കർമങ്ങളിൽ മയാമി പള്ളി വികാരി ഫാ.സുനി പടിഞ്ഞേറെക്കരയുടെ കാർമികത്വത്തിൽ ഭക്തിസാന്ദ്രമായ റാസ നടന്നു. കോറസ് ഗ്രൂപ്പിന്‍റെ സംഗീത വിരുന്ന് റാസയെ സംഗീത സാന്ദ്രമാക്കി. ഫാ. മാത്യു മേലേടം തിരുനാൾ സന്ദേശം നൽകി. വിശുദ്ധ കുർബാനക്കുശേഷം ജോസഫ് നാമധാരികൾക്കു വേണ്ടി പ്രത്യേക പ്രാർഥനയും കേക്ക് മുറിക്കലും നടന്നു. സ്നേഹവിരുന്നോടെ തിരുനാൾ സമാപിച്ചു.

26 പ്രസുദേന്തിമാർ ചേർന്ന് നടത്തിയ തിരുനാളിന് ട്രസ്റ്റിമാരായ ഏബ്രഹാം പുളിയനക്കുന്നേൽ റെജി ഉഴങ്ങാലിൽ, മിഷൻ ഡയറക്ടർ ഫാ. ജോസ് ആദോപ്പിള്ളി, ഫൊറാന വികാരി ഫാ.ജോസ് തറക്കൽ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ് കാടാപ്പുറം