ഫാ. ഡേവിസ് ചിറമേൽ നയിക്കുന്ന നോന്പുകാലധ്യാനം ഫിലാഡൽഫിയയിൽ
Monday, March 20, 2017 12:25 AM IST
ഫിലാഡൽഫിയ: വലിയനോന്പിനോടനുബന്ധിച്ച് സെന്‍റ് തോമസ് സീറോ മലബാർ ഫൊറോനാപള്ളിയിൽ വാർഷികധ്യാനം മാർച്ച് 31 വെള്ളിയാഴ്ച്ച മുതൽ ഏപ്രിൽ രണ്ടാംതീയതി ഞായറാഴ്ച്ച വരെ നടത്തപ്പെടുന്നു. അനുഗൃഹീത വചനപ്രഘോഷകനും, കിഡ്നി ഫെഡറേഷൻ ഓഫ് ഇൻഡ്യയുടെ സ്ഥാപകനുമായ ഫാ. ഡേവിസ് ചിറമേൽ ആണു ഈ വർഷം ധ്യാനം നയിക്കുന്നത്.

ദാനം ചെയ്യുന്നതാണു സ്വീകരിക്കുന്നതിനേക്കാൾ മഹത്തരം എന്നുള്ള തത്വശാസ്ത്രം ലോകമെങ്ങും പ്രചരിപ്പിച്ച് മരണാനന്തരഅവയവദാനത്തെ നിരന്തരം പ്രോൽസാഹിപ്പിക്കുകയും, അതിനുള്ള സമ്മതപത്രം ഒരു വ്യക്തി ജീവിച്ചിരിക്കുന്പോൾ നൽകുന്നതിനുള്ള ബോധവത്ക്കരണം ജനങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന ചിറമേൽ അച്ചൻ അറിയപ്പെടുന്ന ധ്യാനഗുരുവും ആണ്. തന്‍റെ കിഡ്നി ഒരു ഹൈന്ദവസഹോദരനു ദാനം ചെയ്തുകൊണ്ട ് കരുണയുടെയും, സ്നേഹത്തിന്‍റെയും നവസുവിശേഷം സ്വന്തം ജീവിതത്തിലൂടെ മാതൃകകാണിച്ച് ജനസഹസ്രങ്ങളെ അവയവദാനത്തിലേക്കു പ്രേരിപ്പിച്ചുകൊണ്ട ിരിക്കുന്ന മഹത്വ്യക്തിയാണ് ചിറമേൽ അച്ചൻ.

മാർച്ച് 31-നു വെള്ളിയാഴ്ച്ച 4.30-നു ആരംഭിക്കുന്ന ധ്യാനം എട്ടിനുള്ള വി. കുർബാന, കുരിശിന്‍റെ വഴി എന്നിവയോടെ അവസാനിക്കും.

ഏപ്രിൽ ഒന്നിനു ശനിയാഴ്ച്ച രാവിലെ ഒൻപതിനു വിശുദ്ധ കുർബാനയോടുകൂടി രണ്ടാം ദിവസത്തെ ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുന്പസാരം, ആരാധന എന്നിവയായിരിക്കും ശനിയാഴ്ച്ചത്തെ പ്രാർത്ഥനാശുശ്രൂഷകൾ. വൈകിട്ട് ആറിനു ദിവ്യകാരുണ്യ ആരാധനയോടെ അന്നത്തെ ശുശ്രൂഷ അവസാനിക്കും.

മൂന്നാം ദിവസമായ ഏപ്രിൽ രണ്ടിനു ഞായറാഴ്ച്ച രാവിലെ ഒന്പതിനു വിശുദ്ധ കുർബാന. ഇടവകജനം മുഴുവൻ ഒന്നിച്ച് വന്നു ധ്യാനത്തിൽ പങ്കെടുക്കുന്നതിനായി അന്നേദിവസം രാവിലെ എട്ടരയ്ക്കുള്ള വി. കുർബാന ഉണ്ടായിരിക്കുന്നതല്ല. ദിവ്യകാരുണ്യ ആരാധനയെതുടർന്ന് നാലരക്ക് ധ്യാനം സമാപിക്കും.
ശനിയാഴ്ച്ചയും, ഞായറാഴ്ചയും സിസിഡി കുട്ടികൾക്കും, യുവജനങ്ങൾക്കും പ്രത്യേക സെഷനുകൾ ഇംഗ്ലീഷിൽ ഉണ്ടായിരിക്കും. സുപ്രസിദ്ധ ധ്യാനഗുരുവും, ചിറ്റൂർ ധ്യാനകേന്ദ്രം ഡയറക്ട റുമായ ഫാ. ജോസ് ഉപ്പാണിയുടെ നേതൃത്വത്തിലുള്ള ധ്യാനടീം ആയിരിക്കും കുട്ടികളുടെ ഇംഗ്ലീഷിലുള്ള ധ്യാനം നയിക്കുന്നത്. സെഹിയോൻ അഭിഷേകാഗ്നി യൂത്ത് മിനിസ്ട്രി അംഗങ്ങളായ ടോംസ് ജോർജ് ചിറയിൽ, ജോമോൻ ജോസഫ് എന്നിവരും കുട്ടികളുടെ ധ്യാനത്തിനു സഹായികളാവും.

ശനിയാഴ്ച്ചയും, ഞായറാഴ്ചയും ധ്യാനത്തിൽ പങ്കെടുക്കുന്നവർക്കു ലഘുഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. വാർഷികധ്യാനത്തിൽ പങ്കെടുത്ത് നോന്പുകാലം ആത്മീയ ചൈതന്യത്തിൽ കാത്തുസൂക്ഷിക്കാൻ എല്ലാ വിശ്വാസികളെയും ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി ആഹ്വാനം ചെയ്യുന്നു.

ധ്യാനസംബന്ധമായ കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി 916 803 5307, മോഡി ജേക്കബ് (കൈക്കാരൻ) 215 667 0801, ജോസ് തോമസ് (കൈക്കാരൻ) 412 656 4853, റോഷിൻ പ്ലാമൂട്ടിൽ (കൈക്കാരൻ) 484 470 5229, ഷാജി മിറ്റത്താനി (കൈക്കാരൻ) 215 715 3074, ടോം പാറ്റാനി (സെക്രട്ടറി) 267 456 7850.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ