ഹെവൻ ഓഫ് ഹോപ്പ് സമർപ്പണം 21 ന്
Monday, March 20, 2017 7:11 AM IST
ന്യൂജേഴ്സി: ഭോപ്പാലിൽ നിന്നും ഇരുനൂറ് കിലോമീറ്റർ ദൂരെ പരസ്യ ഗ്രാമത്തിൽ അംഗഹീനരേയും ആലംബഹീനരേയും അനാഥരേയും സംരക്ഷിക്കുന്നതിന് ഫാ. പോളി തെക്കനച്ചന്‍റെ നേതൃത്വത്തിൽ പണിതുയർത്തിയ കെട്ടിട സമുച്ചയത്തിന്‍റെ സമർപ്പണ കർമം മാർച്ച് 21 ന് ജബൽപുർ രൂപത ബിഷപ് ഡോ. ഏബ്രഹാം വിരുതകുളങ്ങര നിർവഹിക്കും. സ്ഥലം എംഎൽഎ സോഹൻലാൽ വിവിധ സഭാ മേലധ്യക്ഷന്മാർ, വൈദികർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

സിഎംഐ വൈദികനായി പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്പോൾ, മനസിൽ അങ്കുരിച്ച മഹത്തായ ആശയത്തിന്‍റെ സാക്ഷാത്കാരമാണ് ഹെവൻ ഓഫ് ഹോപ്പിന്‍റെ പ്രതിഷ്ഠാകർമത്തിലൂടെ ഫാ. പോളി തെക്കനച്ചൻ നേടിയെടുത്തത്. ന്യൂജേഴ്സി മറ്റുച്ചൻ റോമൻ കാത്തലിക് രൂപതയിൽ ഒൗവർ ലേഡി ഓഫ് പീസ് ഇടവകയിൽ സേവനം അനുഷ്ഠിക്കുന്ന തെക്കനച്ചന്‍റെ ഇരുപത്തിയഞ്ചാമത് വൈദിക ജൂബിലി ആഘോഷങ്ങൾ വത്തിക്കാൻ സെന്‍റ് മാർത്താസ് ചർച്ചിൽ ഫ്രാൻസിസ് മാർപാപ്പയുടെ ബലിയർപ്പണത്തോടെ ആരംഭിച്ചപ്പോൾ ആഗ്രഹ പൂർത്തീകരണത്തിന് പുതിയൊരുമാനം കണ്ടെത്തി.

തുടർന്ന് ഭോപ്പാലിൽ ഹെവൻ ഓഫ് ഹോപ്പ് കെട്ടിടത്തിന് 2015 ഓഗസ്റ്റിൽ അടിസ്ഥാനശിലയിട്ട് ത്യാഗത്തിലൂടെ സഹനത്തിലൂടെ വർജനത്തിലൂടെ നേടിയെടുത്ത ചെറിയ തുകകൾ സമാഹരിച്ചാണ് കെട്ടിട നിർമത്തിനുള്ള ഫണ്ട് കണ്ടെത്തിയത്. ഫാ. തെക്കനച്ചന്‍റെ ആവശേവും അഭിമാനവുമായിരുന്ന മണ്‍മറഞ്ഞ വൈദികൻ ഫാ. സ്വാമി സദാനന്ദയുടെ പ്രോത്സാഹനം ദൗത്യ പൂർത്തീകരണത്തിന് താങ്ങും തണലുമായിരുന്നുവെന്ന് അച്ചൻ അനുസ്മരിക്കുന്നു. ഈ ചെറിയവരിൽ ഒരാൾക്ക് നീ ചെയ്തതു എനിക്കുവേണ്ടി ചെയ്തു എന്ന ക്രിസ്തു നാഥന്‍റെ വാക്കുകൾ അന്വർഥമാക്കുകയാണ് ഫാ. പോളി തെക്കനച്ചൻ.

സമർപ്പണശുശ്രൂഷയിലേക്ക് ഏവരേയും സാഗതം ചെയ്യുന്നതായി ഫാ. അനിൽ മാത്യു, ഫാ. കുര്യൻ കാച്ചപ്പിള്ളി, ഫാ. പോളി തെക്കൻ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ