മൂന്നു വയസുകാരന് വെടിയേറ്റു; മാതാപിതാക്കൾ അറസ്റ്റിൽ
Monday, March 20, 2017 7:13 AM IST
ഈഗിൾവുഡ് (ഷിക്കാഗോ): കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെ മൂന്നു വയസുകാരന് വെടിയേറ്റതിനെത്തുടർന്ന് മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ഷിക്കാഗോയിലെ ഈഗിൾവുഡിലാണ് സഭവം. കുട്ടികൾ കള്ളനും പോലീസും കളിക്കുന്നതിനിടെ ഒരു കുട്ടി അബദ്ധത്തിൽ മൂന്നു വയസുകാരന്‍റെ തലയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ കുട്ടിയെ ഗുരുതരാവസ്ഥയിൽ തോമർ ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പിതാവ് മൈക്കിൾ(34), മാതാവ് ഹോളൊവെ(28) എന്നിവരെ മാർച്ച് 18ന് പോലീസ് അറസ്റ്റു ചെയ്തു. 19ന് കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യമനുവദിച്ചിട്ടുണ്ട്.

മാതാവിന്‍റെ പേരിലുള്ളതായിരുന്നു തോക്ക്. കുട്ടികൾക്ക് അപകടം സംഭവിക്കാവുന്ന രീതിയിൽ തോക്ക് അശ്രദ്ധമായി വീട്ടിൽ വച്ചതിനാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇവരുടെ കുട്ടികളെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വീട്ടിൽ നിന്നും വെറെ മൂന്നു തോക്കുകൾ കൂടി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സംഭവത്തിൽ ഷിക്കാഗോ മേയർ റഹം ഇമ്മാനുവൽ കുടുംബാംഗങ്ങളെ ഉത്കണ്ഠ അറിയിച്ചു. വീട്ടിൽ തോക്ക് സൂക്ഷിക്കുന്നവർ കുട്ടികൾ എടുക്കാത്തവിധത്തിൽ ലോക്ക് ചെയ്തു സൂക്ഷിക്കണമെന്ന് മേയർ അഭ്യർഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ