അമേരിക്കയിൽ നിർമിച്ച ഷോർട്ട് ഫിലിമുകളിൽ ബിജു തയ്യിൽച്ചിറയുടെ ന്ധലൈക്ക് ആൻ ഏഞ്ചൽ’ മികച്ച ചിത്രം
Tuesday, March 21, 2017 12:34 AM IST
ന്യൂയോർക്ക്: അമേരിക്കയിലെ സമാന്തര സിനിമാ രംഗത്തെ പ്രവർത്തകരേയും, കേരളത്തിൽ നിന്നുള്ള താര പ്രതിഭകളേയും ആദരിച്ച നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് (കോണ്‍ഫിഡന്‍റ് ഗ്രൂപ്പ്/നാഫാ അവാർഡ്) നൈറ്റ്, മനംകവരുന്ന പ്രോഗ്രാമുകൾ കൊണ്ടും ഹൃദ്യമായി.

മികച്ച നടനായി ദുൽഖർ സൽമാനും (ചാർലി), നടിയായി പാർവതിയും (ചാർലി, എന്നു നിന്‍റെ മൊയ്തീൻ), സംവിധായകനായി മാർട്ടിൻ പ്രക്കാട്ടും (ചാർലി) അവാർഡുകൾ ഏറ്റുവാങ്ങി.

സംഗീതത്തിന് അവാർഡ് നേടിയ വിജയ് യേശുദാസിനോടൊപ്പം ദുൽഖർ പാടി വേദി പങ്കിട്ടത് വ്യത്യസ്താനുഭവവുമായി. എന്നു നിന്‍റെ മൊയ്തീൻ എന്ന ചിത്രത്തിന്‍റെ പ്രൊഡ്യൂസർമാർകൂടിയായ രാജി തോമസ്, ബിനോയ് ചന്ത്രത്ത് എന്നിവരിൽ നിന്നുതന്നെ മികച്ച നടിക്കുള്ള അവാർഡ് വാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു പാർവതി പറഞ്ഞു. ശില്പയും രാജു തോട്ടവും ചേർന്ന് ഈ ഗാനം പാടി. എന്നു നിന്‍റെ മൊയ്തീൻ എന്ന ചിത്രത്തിന്‍റെ പ്രൊഡ്യൂസർ സുരേഷ് രാജ്, രാജു ജോസഫ് (ഡോളർ രാജു) എന്നിവർ ചേർന്നാണ് മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ഗോപി സുന്ദറിനു (ചാർലി, എന്നു നിന്‍റെ മൊയ്തീൻ) നൽകിയത്.വിജയ് യേശുദാസിനു ഫിലിപ്പ് ചാമത്തിൽ മികച്ച ഗായകനൂള്ള അവാർഡ് നൽകി.സഹനടിക്കുള്ള അവാർഡ് അന്തരിച്ച കല്പനയ്ക്കുവേണ്ടി (ചാർലി) അയൽക്കാരനായ രമേഷ് പിഷാരടി നടി മന്യയിൽ (ജോക്കർ, കുഞ്ഞിക്കൂനൻ) നിന്ന് ഏറ്റുവാങ്ങിയത് വികാരനിർഭരമായിരുന്നു. സദസ് ഒന്നാകെ എഴുന്നേറ്റ് നിന്ന് കല്പനയുടെ ഓർമ്മകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

അവാർഡ് പരിപാടികൾക്കിടയിൽ നടിമാരായ ഭാവന, രമ്യ എന്നിവരുടെ നേതൃത്വത്തിൽ വിവിധ നൃത്തങ്ങൾ അവതരിപ്പിച്ചു. ബിന്ദ്യ പ്രസാദും സംഘവും അമേരിക്കയേയും പ്രതിനിധീകരിച്ചു.രമേഷ് പിഷാരടി, കലാഭവൻ പ്രജോദ്, അയ്യപ്പ ബൈജു എന്നിവർ ഹാസ്യ പ്രകടനങ്ങൾ നടത്തി.മികച്ച നടനായ ഏബ്രഹാം പുല്ലാപ്പള്ളിക്ക് (മിഴിയറിയാതെ) ടോം ജോർജ് കോലത്തും, ജോജോ കൊട്ടാരക്കരയും ചേർന്ന് അവാർഡ് സമ്മാനിച്ചു. മികച്ച നടി മിഷേൽ ആന് (ഐ ലവ് യു) ജയൻ നായർ അവാർഡ് സമ്മാനിച്ചു.

ജനപ്രിയ താരങ്ങളായി തെരഞ്ഞെടുത്ത ജോസ് കുട്ടിക്ക് (അക്കരക്കാഴ്ച) തിരുവല്ല ബേബിയും, സജിനിക്ക് മന്യയും അവാർഡ് നൽകി. മിഴിയറിയാതെയുടെ സംവിധായകൻ ഓർഫിയസ് ജോണിന് നവാഗത സംവിധായകനുള്ള അവാർഡ് പ്രവാസി ചാനൽ എംഡി സുനിൽ ട്രൈസ്റ്റാർ സമ്മാനിച്ചു.

ബെസ്റ്റ് ഡയറക്ടറായ ശബരീനാഥ് (ഐ ലവ് യു) രാജു ജോസഫിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി. സംവിധായകനായ തന്‍റെ പിതാവ് മുകുന്ദൻ മുല്ലശേരി രാജു ജോസഫിന്‍റെ ചിത്രം ഡോളറുമായി സഹകരിച്ച് പ്രവർത്തിച്ചത് ശബരിനാഥ് അനുസ്മരിച്ചു. മികച്ച രണ്ടാമത്തെ ചിത്രം ’അന്നൊരുനാളി’ന് വേണ്ടി രേഖ നായർ, ഷാജി എഡ്വേർഡിൽ നിന്നും പുരസ്കാരം സ്വീകരിച്ചു.

മിസ് ഫൊക്കാന പ്രിയങ്ക നാരായണൻ, മിസ് ഫോമ ഉഷസ് ജോയി എന്നിവരെ വേദിയിൽ അവതരിപ്പിച്ചതും ശ്രദ്ധേയമായി. രമേഷ് പിഷാരടിയാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. ന്ധഒറിജിനലി ഫ്രം ആഫ്രിക്ക ടു മാനേജ് അമേരിക്ക’ എന്നു ഒബാമയെ വിശേഷിപ്പിച്ചത് ചിരിപടർത്തി. രാത്രി 11 വരെ പരിപാടി നീണ്ടുനിന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം