ഷിക്കാഗോ ഗീതാമണ്ഡലത്തിന്‍റെ അഭിമുഖ്യത്തിൽ ആറ്റുകാൽ പൊങ്കാല
Tuesday, March 21, 2017 12:35 AM IST
ഷിക്കാഗോ: കുഭ മാസത്തിലെ മകം നാളിൽ മുഴങ്ങിയ ന്ധഅമ്മേ നാരായണ ദേവി നാരായണ’ മന്ത്രത്താൽ ഷിക്കഗോയെ, ആറ്റുകാൽ അമ്മയുടെ, ഭക്തർ അനന്തപുരിയാക്കി മാറ്റി. ഗീതാമണ്ഡലത്തിന്‍റെ അഭിമുഖ്യത്തിൽ മൂന്നാമതു പൊങ്കാല മഹോത്സവവും ചോറ്റാനിക്കര മകവും ഭക്തിസാന്ദ്രമായ അന്തരീഷത്തിൽ ഭക്തജനങ്ങളുടെ സഹകരണത്തോടെ ഭക്തിപൂർവം കുംഭ മാസത്തിലെ മകം നാളിൽ ഗീതാമണ്ഡലം സെന്‍ററിൽ വച്ചു നടന്നു. വേദ പണ്ഡിതരായ ബിജു കൃഷ്ണന്‍റെയും ആനന്ദ് പ്രഭാകരറിന്‍റെയും നേതൃതത്തിൽ നടന്നു. പൊങ്കാല തലേന്നു ഒരു നേരം മാത്രം അരി ആഹാരം കഴി ച്ച്, തികഞ്ഞ സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും ദേവി നാമ ജപങ്ങളോടുകൂടി ഒരു ദിനം കഴിച്ചു കൂട്ടിയശേഷം, പുലർച്ചെ വിളക്കുകൊളുത്തി ലളിത സഹസ്രനാമം പാരായണം ചെയ്ത് ദേവിയിൽ നിന്നും പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങിയ ശേഷം ആണു സ്ത്രീ ഭക്ത ജനങ്ങൾ ഗീതാമണ്ഡലം സെന്‍ററിൽ എത്തിയത്.

ഈ വർഷത്തെ പൊങ്കാല മഹോത്സവം ബിജു കൃഷ്ണൻ ആരംഭിച്ചത്, മഹാഗണപതിക്ക് വസ്ത്രാദി ഉപഹാരങ്ങൾ സമർപ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അർഘ്യം നല്കിയശേഷം ഗണപതി അഥർവോപനിഷത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അർച്ചനയും ദീപാരാധനയും നടത്തിയ ശേഷം ആയിരുന്നു. തുടർന്ന് ദേവിയെ ആവാഹനം ചെയ്ത് വേദമന്ത്ര ധ്വനികളാലും ശ്രീസുക്ത മന്ത്രത്താലും ലളിതാസഹസ്രനാമ ജപത്താലും അന്നപൂർണേശ്വേരിയെ സംപ്രീതയാക്കി പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങിയ ശേഷം പ്രധാന പുരോഹിതൻ ദേവിയിൽനിന്നും അഗ്നി സ്വീകരിച്ച്, പ്രത്യേകം തയാറാക്കിയ വേദിയിലേ പൊങ്കാല അടുപ്പുകളിലേക്കു അഗ്നി പകർന്നു.

തുടർന്നു പൊങ്കാല അടുപ്പിനു സമീപം മഹാ ഗണപതിയ്ക്കായി ഒരുക്കിയ അവിൽ, മലർ, പഴം, ശർക്കര എന്നിവ ഭഗവാന് നേദിച്ചു. അതുപോലെ ഭഗവതിക്കും തൂശനിലയിൽ അവിൽ, മലർ, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ ഒരുക്കി, പുതിയ മണ്ണുകലത്തിലാണ് പൊങ്കാല ഇട്ടത്. പൊങ്കാല ക്കു പിന്നിലെ വലിയ സത്യം, പ്രപഞ്ചത്തിന്‍റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പ്പിച്ച് അതിൽ അരിയാകുന്ന ബോധം തിളച്ച് അതിലെ അഹംബോധം നശിക്കുകയും ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്നു ആത്മസാക്ഷാത്കാരത്തിന്‍റെ പായസമായി മാറുന്നു എന്ന സനാതന സത്യമാണ് ഇതിലൂടെ വിളിച്ചറിയിക്കുന്നത്.

||

ഇത്തരത്തിൽ തയാറാക്കിയ പായസം പുരോഹിതൻ ദേവിക്ക് നിവേദ്യമായി അർപ്പിച്ചു. പിന്നീട് അഷ്ടോത്തര അർച്ചനയും, ചതുർവേദ മന്ത്രാഭിഷേകവും മന്ത്ര പുഷ്പ സമർപ്പണവും ദീപാരാധനയും നടന്നു. തുടർന്നു മംഗള ആരതിയും നടത്തിയാണ് 2017 ലെ മകം പൊങ്കാല ഉത്സവത്തിനു പരിസമാപ്തിയായത്.

ഈ വർഷത്തെ പൊങ്കാലയ്ക്ക് രശ്മി മേനോൻ തങ്കമ്മ അപ്പുകുട്ടൻ, രമ നായർ എന്നിവർ നേതൃത്വം നൽകി. ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന്‍റെ വിജയത്തിനായി ആനന്ദിന്‍റെയും അപ്പുക്കുട്ടന്‍റെയും ശിവപ്രസാദ് പിള്ളയുടേയും നേതൃത്വത്തിൽ പ്രവർത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങൾക്കും ഫ്ളവേഴ്സ് ടിവിക്കും ഇതിൽ പങ്കെടുത്ത എല്ലാ ഭക്തജനങ്ങൾക്കും ഗീതാ മണ്ഡലം സെക്രട്ടറി ബൈജു മേനോൻ നന്ദി രേഖപ്പെടുത്തി. ആനന്ദ് പ്രഭാകർ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം